നിയമസഭാ തിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ
കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്,
സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ്. കെ.എസ്.യുവിൽ പ്രവർത്തിച്ച് പൊതുരംഗത്തെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. കുഴൂരിൽ ഓടാശ്ശേരി ജനരഞ്ജൻ - പുഷ്പ ദമ്പതികളുടെ മൂത്ത മകനായി 1988ൽ ജനനം. കുഴൂർ ഗവ. ഹൈസ്കൂളിലും പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസിലുമായി സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് പെരുമ്പാവൂർ ഗവ. പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ. 2019ൽ തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് ബി.ബി.എ,എൽ.എൽ.ബി ബിരുദം. എന്റോൾ ചെയ്ത ശേഷം ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ. റോയിയുടെ ജൂനിയറായി പ്രവർത്തിച്ചു. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ. ധനേഷ് ഏക സഹോദരനാണ്.
ടി. എൻ. പ്രതാപൻ മണലൂർ
നിലവിൽ എ.ഐ.സി.സി സെക്രട്ടറിയായ ഇദ്ദേഹം കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡി.സി.സി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി,സംസ്ഥാന, ദേശീയ എക്സിക്യൂട്ടീവ് അംഗം,കെ.പി.സി.സി മെമ്പർ, എക്സിക്യൂട്ടീവ് മെമ്പർ, സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രഥമ ദേശീയ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 മുതൽ 2011 വരെ പഴയ നാട്ടിക മണ്ഡലത്തിൽ നിന്നും എം.എൽ.എയായും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നും എം.എൽ.എയായും തിരഞ്ഞെടുത്തു. 2019 മുതൽ 2024 വരെ തൃശൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.പി ആയിരുന്നു.
ഒല്ലൂർ അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത്
തൃശൂർ സ്വദേശിയായ അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് കഴിഞ്ഞ 30 വർഷമായി അഭിഭാഷകനാണ്. നിലവിൽ കെ.പി.സി.സി സെക്രട്ടറി. യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ, ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങി പദവികൾ വഹിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ എക്സ്ടാസ്ക് ഫോഴ്സ് മെമ്പറായും പ്രവർത്തിച്ചു. പൊതുജനങ്ങളുടെ ഉന്നമനത്തിനായി കോടതികളിലൂടെ നിരന്തരം പോരാടുന്ന വ്യക്തി. ദേശീയപാത വികസനം, പട്ടിലംകുഴി പാലം നിർമ്മാണം, ടോൾ പിരിവ് നിറുത്തലാക്കൽ, ആരോഗ്യവിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ എന്നിവയിൽ അദ്ദേഹം നിയമ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. തൃശൂർ ബാർ അസോസിയേഷൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ കൂടിയാണ്.
സി.എച്ച്. റഷീദ്
ഗുരുവായൂർ
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. ചാവക്കാട് എം.ആർ.ആർ.എം സ്കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. എം.എസ്.എഫ്, യൂത്ത് ലീഗ് പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1995 മുതൽ 2005 വരെ രണ്ടുതവണ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗമായി. 2011- 16 കാലയളവിൽ സർക്കാർ സ്ഥാപനമായ ഓട്ടോകാസ്റ്റ് ചെയർമാനായും 1991ൽ പൊതുമരാമത്ത് മന്ത്രിയുടെ പി.എ ആയും സേവനം അനുഷ്ഠിച്ചു. അദ്ധ്യാപികയായ ഫാത്തിമയാണ് ഭാര്യ. മക്കൾ: സ്വാലിഹ (അബുദാബി), ഇഹ്സാനുൽ ഹഖ് (എൻജിനീയർ, ഇൻഫോ പാർക്ക്), അയിഷാ രിള (കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി).
രാജൻ പല്ലൻ ( കോൺഗ്രസ്) തൃശൂർ മണ്ഡലം
മുൻ കോർപറേഷൻ മേയറാണ് രാജൻ പല്ലൻ. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക്. യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം സെക്രട്ടറി. തൃശൂർ ബ്ലോക്ക് സെക്രട്ടറി, നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2000ൽ തൃശൂർ കോർപറേഷൻ രൂപീകരിക്കപ്പെട്ടപ്പോൾ ഗാന്ധിനഗറിൽ നിന്നും കൗൺസിലിൽ. 2025ലെ തിരഞ്ഞെടുപ്പിൽ സ്വയം ഒഴിവാകുന്നത് വരെയും വ്യത്യസ്ത ഡിവിഷനുകളിൽ നിന്നും കൗൺസിലിൽ അംഗമായി. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1965 ഒക്ടോബർ 11നാണ് രാജൻ പല്ലന്റെ ജനനം. ചെമ്പൂക്കാവ് കുണ്ടുവാറ എം.ജി നഗറിലാണ് വീട്. ഭാര്യ മറിയാമ്മ കല്ലൂക്കാരൻ. മക്കൾ: മെറിൻ വിനോദ്, മെർലിൻ റാഫിൻ.
സുനിൽ ലാലൂർ,
നാട്ടിക
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. ലാലൂർ ഉൾപ്പെടെ നിരവധി സമരമുഖങ്ങളിൽ സജീവമായിരുന്നു. വാസുവിന്റെയും ഭാരതിയുടെയും മകനാണ്. ഭാര്യ: മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രൻ. മകൻ: എസ്.എൽ. ഹൃദിക്. സഹോദരി: വിഭിത വാസു (തൃശൂർ കോർപറേഷൻ കൗൺസിലർ).
യു.ഡി.എഫ് സനീഷ് കുമാർ ജോസഫ്
നിലവിൽ ചാലക്കുടി എം.എൽ.എ. രണ്ടര പതിറ്റാണ്ടായി പൊതുരംഗത്ത് സജീവം. മലയോരഗ്രാമമായ വെള്ളാനിക്കോട് തുറുവേലിൽ പരേതനായ ജോസഫിന്റെയും മേരിയുടെയും മൂന്ന് ആൺമക്കളിൽ മൂന്നാമൻ. സെന്റ് തോമസ് കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കെ കേരള വിദ്യാർത്ഥി യൂണിയനിലൂടെ പൊതുപ്രവർത്തന രംഗത്ത്. സെന്റ് തോമസ് കോളേജിൽ ബിരുദവിദ്യാർത്ഥിയായിരിക്കെ കെ.എസ്.യുവിനെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. പി.സി.വിഷ്ണുനാഥ് പ്രസിഡന്റായ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി. തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസിന്റെ തൃശൂർ പാർലമെന്റ് പ്രസിഡന്റ്. 2010ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുത്തൂർ ഡിവിഷനെ പ്രതിനിധീകരിച്ച് വിജയിച്ചു. 2016 മുതൽ ഡി.സി.സി ജനറൽ സെക്രട്ടറി. കെ.പി.സി.സി സെക്രട്ടറി. 2021ൽ നിയമസഭയിൽ കന്നിജയം. കോടശ്ശേരി പഞ്ചായത്ത് പരിധിയിൽ താമസം. ഭാര്യ: ജിൻസി തോമസ്. മക്കൾ: സെറ മേരി(ഏഴ് വയസ്), നോറ ( മൂന്ന് വയസ്).
കയ്പമംഗലം ടി.എം.നാസർ
എടവിലങ്ങ് തോട്ടുങ്ങൽ മാഹിൻ -കദീജ ദമ്പതികളുടെ മകൻ. കെ.എസ്.യുവിലൂടെ പൊതുജീവിതം ആരംഭിച്ചു. സ്കൂൾ ലീഡർ, കോളേജ് യൂണിയൻ ചെയർമാൻ പദം അലങ്കരിച്ചു. 1987 മുതൽ 1995 വരെ എടവിലങ്ങ് പഞ്ചായത്ത് മെമ്പർ, വൈസ് പ്രസിഡന്റ്, 1990 മുതൽ 2002 വരെ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്. 2004 മുതൽ 2014 വരെ കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ്. 2001 മുതൽ 2010 വരെ 10 വർഷം കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റായി 13 വർഷമായി തുടർന്നുവരുന്നു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറാണ്. 24 വർഷമായി കൊടുങ്ങല്ലൂർ മൾട്ടിപർപ്പസ് സഹകരണ സൊസൈറ്റി പ്രസിഡന്റാണ്. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്.
തോമസ് ഉണ്ണിയാടൻ കേരളകോൺ. ജോസഫ്
ഇരിങ്ങാലക്കുട കെ.എസ്.സി വൈക്കം നിയോജകമണ്ഡലം സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, ദേവസ്വം ബോർഡ് കോളേജ് യൂണിയൻ ചെയർമാൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഉന്നതാധികാര സമിതിയംഗം, യു.ഡി.എഫ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം,നിയോജക മണ്ഡലം ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. 2001 മുതൽ 16 വരെ മൂന്നു തവണ ഇരിങ്ങാലക്കുടയിൽ നിന്നുള്ള എം.എൽ.എ ആയി. നിയമസഭാ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ, കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിൽ ചീഫ് വിപ്പായിരുന്നു. കെ.എസ്.സി തലയോലപ്പറമ്പ് ദേവസ്വം കോളേജ് യൂണിറ്റ് പ്രസിഡന്റായാണ് തുടക്കം. പരേതരായ മാത്യു ജോസഫിന്റെയും മേരിക്കുട്ടി ജോസഫിന്റെയും മകൻ. റബ്ബർ ബോർഡ് ഉദ്യോഗസ്ഥയായിരുന്ന ഷേർലി തോമസാണ് ഭാര്യ. ഡോ.നീക്കിറ്റ തോമസ്, നീതിഷ തോമസ് എന്നിവർ മക്കളും എബിൻ സന്തോഷ് ആലേങ്ങാടൻ മരുമകനാണ്.
പുതുക്കാട് കെ. എം.ബാബുരാജ്
ഡി.സി.സി ജനറൽ സെക്രട്ടറി. തൃശൂർ ഗവ. കോളേജിൽ കെ എസ്. യു യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, പുതുക്കാട് ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കൊടകര ബ്ലോക്ക് മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും, എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ ഡയറക്ടറുമാണ്.