പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം:എസ്.ഐയ്ക്ക് കുത്തേറ്റു
തൃശൂർ: പൊലീസിനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടകൾ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐ ഉൾപ്പെടെയുള്ള സംഘത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഒല്ലൂർ എസ്.ഐ വരുൺ ഉൾപ്പെടെ നാല് പൊലീസുകാർക്ക് കുത്തേറ്റു.സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത്,നീരജ് എന്നിവരുടെ കൈയ്ക്കും വിനീതിന്റെ കഴുത്തിനും പരിക്കേറ്റു.
കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊഴുക്കുള്ളി പടിഞ്ഞാറെ വീട്ടിൽ വിഷ്ണുജിത്ത്(25),ഏളങ്കാട്ടിൽ ജിഷ്ണു(27) എന്നിവരാണ് ആക്രമിച്ചത്.കഴിഞ്ഞ ദിവസം വിഷ്ണുജിത്ത് ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ ഒരാളെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു.ഈ കേസിൽ ഇവരെ പിടികൂടാൻ ഇന്നലെ പുലർച്ചെ മൂർക്കനിക്കരയിലെ വീട്ടിലെത്തിയപ്പോഴാണ് ഗുണ്ടകൾ കത്തിയുമായി ആക്രമിച്ചത്. എസ്.ഐ വരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇരുവരെയും കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കാപ്പ കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.കഴിഞ്ഞ ജൂണിൽ നെല്ലങ്കരയിൽ ഗുണ്ടാ സംഘാംഗത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയത് തടയാനെത്തിയ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്തിരുന്നു.അന്ന് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ ഈ പ്രതികളെ ഉൾപ്പെടെ പിടികൂടി ജയിലിലടച്ചിരുന്നു.വിഷ്ണുജിത്തിന്റെ സഹോദരൻ ബ്രഹ്മദത്ത് ഈ കേസിൽ ഇപ്പോഴും ജയിലിലാണ്.ഈ കേസിൽ ദിവസങ്ങൾക്ക് മുൻപാണ് ഇവർ ജാമ്യത്തിലിറങ്ങിയത്.പിന്നാലെയാണ് ഭീഷണിപ്പെടുത്തൽ.