യുവാവിനെ ആക്രമിച്ച കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ

Thursday 19 March 2026 1:44 AM IST

ആലുവ: കുഞ്ചാട്ടുകരയിൽ യുവാവിനെ ഇരുമ്പു വടിക്ക് ആക്രമിച്ച് തലയ്‌ക്കും മുഖത്തും ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ആറര മാസമായി ഒളിവിലായിരുന്ന ഒന്നാം പ്രതി എടത്തല കുഞ്ചാട്ടുകര ഒാൾഡ് ജി.സി.ഡി.എ ഭാഗത്ത് മുരിങ്ങാശേരി വീട്ടിൽ ഹാരീസ് മുസ്തഫ (40) പിടിയിലായി.

എടത്തല പൊലീസ് ഇൻസ്പെക്ടർ കെ. സെനോദിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാത്രി കളമശേരി എച്ച്.എം.ടി കോളനി ഭാഗത്തു നിന്നാണ് പിടികൂടിയത്. നേരത്തെ പിടിയിലായ മൂന്ന് പേരെ കോടതി റിമാൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ സെപ്തംബർ ഒന്നിന് പുലർച്ചെ രണ്ട് മണിയോടെയാണ് പഴങ്ങനാട് സ്വദേശി അമലിനെ പ്രതികൾ ക്രൂരമായി ആക്രമിച്ചത്.

കുഞ്ചാട്ടുകര സർക്കാർമാവ് ഭാഗത്ത് പ്രതികൾ ഇരുന്ന കാറിനെ അമൽ ഓടിച്ചിരുന്ന പിക്കപ്പ് വാഹനം മറികടന്നപ്പോൾ ഭീഷണിപ്പെടുത്തി നിർത്തിച്ചു. തുടർന്നാണ് മുഖ്യപ്രതിയുടെ നേതൃത്വത്തിൽ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചത്. അമലിന്റെ മൂക്കിൻെറ അസ്ഥിക്ക് പൊട്ടലും വലത് കണ്ണിന് മുകളിൽ മുറിവും ഉണ്ടായി.

പ്രതിയെ പിടികൂടാൻ വൈകുന്നതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസ് അന്വേഷണത്തിന് തടസമായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ റഫീഖ്, സിവിൽ പൊലീസ് ഓഫീസർ മാഹിൻഷ, മനോജ്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആലുവ കോടതി റിമാൻഡ് ചെയ്തു.