പ്രകൃതിവാതക കേന്ദ്രത്തെ ഇസ്രയേൽ ആക്രമിച്ചു, ഗൾഫ് രാജ്യങ്ങളിൽ തിരിച്ചടി നൽകുമെന്ന് ഇറാന്റെ ഭീഷണി

Wednesday 18 March 2026 9:46 PM IST

ടെഹ്റാൻ: ഇറാനിലെ സൗത്ത് പാർസിലും ബുഷെഹർ പ്രവിശ്യയിലുമുള്ള പ്രകൃതി വാതക കേന്ദ്രങ്ങളിൽ അമേരിക്കൻ സഹായത്തോടെ ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേലി ജെറ്റുകളാണ് ഇവിടങ്ങളിൽ കനത്ത ആക്രമണം നടത്തിയത്. ഇതിനെതിരെ ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ കേന്ദ്രങ്ങൾ വ്യക്തമാക്കിയെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്നും വരുംമണിക്കൂറുകളിൽ ആക്രമണമുണ്ടാകുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.

സൗദി അറേബ്യയിലെ എസ്‌എഎംആർ‌ഇഎഫ് റിഫൈനറി, ജുബൈൽ പെട്രോകെമിക്കൽ കോംപ്ളക്‌സ്, യുഎഇയിലെ അൽ ഹുസൈൻ എണ്ണസംഭരണശാല, ഖത്തറിലെ ലാസ് റഫൻ എണ്ണശുദ്ധീകരണ ശാല, മെസൈദ് പെട്രോകെമിക്കൽ കോംപ്ളക്‌സ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തുക എന്നാണ് ഇറാൻ അറിയിച്ചത്.

തങ്ങളുടെ ചില പ്രകൃതിവാതക കേന്ദ്രങ്ങൾ തകർക്കപ്പെട്ടെന്നും എന്നാൽ ആൾനാശം ഉണ്ടായില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഭാഗങ്ങളിലെ തീകെടുത്തിയിട്ടുണ്ട്. തങ്ങളുടെ വ്യോമസേന ഇറാനിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിലെ ഉന്നതനായ ഇന്റലിജൻസ് മന്ത്രി ഇസ്‌മയിൽ ഖാതിബ് കൊല്ലപ്പെട്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. അതേസമയം ഇസ്രയേൽ ഇറാനിൽ നടത്തിയ പ്രകൃതിവാതക കേന്ദ്രത്തിലെ ആക്രമണത്തെ ഖത്തർ അപലപിച്ചു. ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വ്യക്തമാക്കി.