 മഞ്ചാടിമൂട് - കോളിച്ചിറ - ചേമ്പുംമൂല റോഡിൽ കുണ്ടും കുഴിയും

Thursday 19 March 2026 12:33 AM IST

ചിറയിൻകീഴ്: മഞ്ചാടിമൂട് - കോളിച്ചിറ - ചേമ്പുംമൂല റോഡിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നാവശ്യം ശക്തം.കോളിച്ചിറ ഭാഗത്ത് കുത്തിറക്കമുള്ള റോഡിൽ ടാർ ഇളകി പലയിടത്തും വൻ കുഴികളായിട്ട് വർഷങ്ങളായി.റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാനായി പരിസരവാസികൾ പലപ്രാവശ്യം പ്രതിഷേധ പരിപാടികളും പരാതിയുമായി ആധികൃതരെ സമീപിച്ചിട്ടും ഇതുവരെയും നടപടിയുണ്ടായില്ല.

കുഴിയുള്ള ഭാഗത്ത് നാട്ടുകാർ മണലും മറ്റും ഉപയോഗിച്ച് താത്കാലികമായി അടയ്ക്കുമെങ്കിലും അടുത്ത മഴയിൽ അവയെല്ലാം ഒലിച്ചു പോവുകയാണ്.റോഡിൽ ടാറിംഗ് കഴിഞ്ഞാലും ഏതാനും മഴകഴിയുമ്പോൾ ഇവിടെ കുഴികൾ രൂപപ്പെടും.ചരുവിള കാട്ടുകുളം ഭാഗങ്ങളിൽ നിന്ന് മഴക്കാലത്ത് ശക്തമായി മഴ വെള്ളം കുത്തൊഴുകിയെത്തുന്നതാണ് ടാറ് ഇളകാൻ കാരണം.അതിനാൽ ആധുനിക രീതിയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

യാത്ര പ്രയാസം

തീരദേശത്തെയും ഹൈവേയും തമ്മിൽ ബന്ധിക്കുന്ന ചിറയിൻകീഴിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നാണിത്.കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസും ഉൾപ്പെടെ നിരവധി സ്കൂൾ ബസുകളും കടന്നുപോകുന്ന പാതയാണ് ഇപ്പോൾ തകർന്ന് കിടക്കുന്നത്.ചിറയിൻകീഴ് ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾക്ക് എളുപ്പം ദേശീയപാതയിലെത്താൻ ഇതുവഴി കഴിയും.ഏകദേശം 9 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ കോളിച്ചിറയിലാണ് ഏറ്റവും ദുരിതം.ഇങ്ങോട്ടേക്ക് ഓട്ടം വിളിച്ചാൽ പോലും വാഹനങ്ങൾ വരാറില്ല.

അപകടങ്ങൾ പതിവ്

പകൽവീട്,വിജ്ഞാൻവാടി,കോളിച്ചിറ ചരുവിള ദുർ‌ഗാദേവി ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങളിൽ പോകണമെങ്കിൽ ഇവിടം താണ്ടണം.കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണം നിരവധിയാണ്.വാഹനത്തിന്റെ അടിഭാഗം റോഡിൽ തട്ടി ഉരയാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.ഇതിനെക്കാളൊക്കെ കഷ്ടമാണ് വഴിയാത്രക്കാരുടെ കാര്യം.റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ സമര പരിപാടികർ നടത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.