എൽ.ഐ.സി ഏജന്റിന്റെ പണം തട്ടിയ ഗുജറാത്ത് യുവതികൾ പിടിയിൽ

Thursday 19 March 2026 1:36 AM IST

വെഞ്ഞാറമൂട്: ബസിൽ യാത്ര ചെയ്യുകയായിരുന്ന എൽ.ഐ.സി ഏജന്റിന്റെ പണം മോഷ്ടിച്ച ഗുജറാത്ത് സ്വദേശികളായ രണ്ട് സ്ത്രീകളെ,പണം നഷ്ടപ്പെട്ടയാൾ തന്നെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു.കിളിമാനൂരിൽ എൽ.ഐ.സി ഏജന്റായ കാട്ടുംപുറം കൊല്ലുവിള വീട്ടിൽ ഗിരിജകുമാരിയുടെ (54) ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.

വെഞ്ഞാറമൂട്ടിലെ എൽ.ഐ.സി ഓഫീസിൽ പണം അടയ്ക്കാനായി, ഇന്നലെ കിളിമാനൂർ നിന്ന് പോകുന്നതിനിടെയായിരുന്നു സംഭവം.വെഞ്ഞാറമൂട് എത്താറായപ്പോൾ സ്ത്രീകൾ ഇവരുടെ അടുത്തെത്തി ചേർന്ന് നിന്നുവെന്നും,ബസ് ഇറങ്ങുമ്പോൾ ഇവർ വേഗത്തിൽ നടന്നുപോയതിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞതെന്നും ഗിരിജ കുമാരി പറഞ്ഞു. ഉടൻ സ്ത്രീകളുടെ പിന്നാലെ ഓടി അവരെ പിടിച്ചുനിറുത്തി പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ട പണം അവരുടെ പക്കൽനിന്നു കണ്ടെത്തുകയായിരുന്നു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തടഞ്ഞുവച്ച് പൊലീസിൽ ഏല്പിച്ചു. വെഞ്ഞാമൂട് പൊലീസ് കേസെടുത്തു.