വേനലിൽ വാടി കാർഷിക മേഖല

Thursday 19 March 2026 12:46 AM IST

കല്ലറ: കടുത്ത വേനലിൽ വെള്ളം കിട്ടാതായതോടെ കാർഷിക മേഖല ദുരിതത്തിൽ. ജലദൗർലഭ്യം കാരണം കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കുകയാണ്.തോടിനോട് ചേർന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും മാത്രമാണ് ഇപ്പോൾ കൃഷിയുള്ളത്.ചിലർ കുഴൽക്കിണറുകളും വെള്ളത്തിനായി ആശ്രയിക്കുന്നുണ്ട്. വരൾച്ചയിൽ തോടുകളിലെയും നീർച്ചാലുകളിലെ വെള്ളവും വറ്റിവരളുന്ന അവസ്ഥയാണ്.ഇതോടെ പയർ,പാവൽ,പടവലം തുടങ്ങിയ പച്ചക്കറിക്കൃഷിയും ഏത്തവാഴ കൃഷിയും പ്രതിസന്ധിയിലാകും.വിഷു വിപണി ലക്ഷ്യമാക്കി വിളവിറക്കിയ കർഷകർക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.ചൂടിന്റെ കാഠിന്യത്തിൽ ക‌ൃഷികൾ നശിക്കുകയും കുലച്ച വാഴകൾ പോലും ഒടിഞ്ഞു വീഴുന്ന സ്ഥിതിയുമാണിപ്പോൾ. പലയിടത്തും കർഷകർ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത വാഴകൾ ചൂടു താങ്ങാതെ ഒടിഞ്ഞുതൂങ്ങി. ചൂട് ആരംഭിച്ചപ്പോൾത്തന്നെ കർഷകർ വാഴ നനച്ചുതുടങ്ങിയിരുന്നു. എന്നാൽ കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടതോടെ വാഴകൾ നനയ്ക്കാൻ മാർഗമില്ലാതായി.

കടത്തിലായി കർഷകർ

ഞാലിപ്പൂവൻ ഇനങ്ങൾക്ക് ലഭിക്കുന്ന മികച്ച വിലയിൽ ആകൃഷ്ടരായാണ് പലരും വാഴ കൃഷിയിലേക്ക് തിരിഞ്ഞത്.റബ്ബറിന് വിലയിടിഞ്ഞതോടെ വാഴ കൃഷിയിലേക്ക് തിരിഞ്ഞവരും നിരവധിയാണ്.കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ പലർക്കും കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായിട്ടുള്ളത്.

ഇരുട്ടടിയായി വിലയിടിവ്

പച്ചക്കായ 100 രൂപയ്ക്ക് നാലു കിലോ എന്നിങ്ങനെയുള്ള ബോർഡുകൾ വഴിനീളെ കാണുമ്പോൾ,വാങ്ങുന്നവർക്ക് സന്തോഷമാണ്. എന്നാൽ തിരിച്ചടിയാവുന്നത് കഷ്ടപ്പെട്ട് കൃഷി ചെയ്യുന്ന കർഷകർക്കാണ്.