കുളമാവിലെ ഹൈഡൽ ടൂറിസം പദ്ധതി നിശ്ചലം, ഉപകരണങ്ങൾ നീക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Thursday 19 March 2026 1:57 AM IST

മൂലമറ്റം: കുളമാവ് വടക്കേപ്പുഴ ചെക്ഡാമിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസം പദ്ധതി നിശ്ചലമായി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൊട്ടവഞ്ചി- കയാക്കിങ് വാട്ടർ സ്‌പോർട്സ് ആക്ടിവിറ്റി ഉപകരണങ്ങൾ നീക്കാനുള്ള ശ്രമം ഇന്നലെ രാവിലെ 10ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപകരണങ്ങൾ നീക്കാൻ വാഹനവുമായെത്തിയ കരാറുകാരൻ പിന്മാറി.

ഫെബ്രുവരി 16ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത കൊട്ടവഞ്ചി കയാക്കിങ് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തന രഹിതമാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് മുതൽ, ഇവിടെ പ്രവർത്തിച്ചിരുന്ന ടിക്കറ്ര് സെന്റർ നിറുത്തലാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലത്തെ തുടർ പ്രതിഷേധം. പുതിയ ടെണ്ടർ നൽകി പദ്ധതി പുനരാരംഭിക്കാതെ ഉപകരണങ്ങൾ മാറ്റാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. യാതൊരു കാരണവും ഇല്ലാതെ പദ്ധതി നിറുത്തിയതിലൂടെ റോഷി അഗസ്റ്റിൻ കുളമാവിലെ ജനങ്ങളോട് വലിയ അവഗണന കാണിച്ചതായും ഇവ‌ർ ആരോപിച്ചു. കുളമാവിലെ ടൂറിസം വികസനത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന റോഷിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനുഷൽ കുളമാവ് പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫൻ ജോർജ്,​ കോൺഗ്രസ് നേതാക്കളായ ബിജു മാത്യു,​ തോമസ് അഗസ്റ്റിൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.