'അവർ കാറിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിച്ചു, നടന്നത് ഹൈവേയുടെ ഒത്തനടുവിൽ'; ദുരനുഭവം പങ്കുവച്ച് നടി

Thursday 19 March 2026 10:15 AM IST

മുംബയ്: യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായർ. മുംബയിലെ ബാന്ദ്ര നഗരത്തിലൂടെ ഊബർ ടാക്‌സിയിൽ യാത്ര ചെയ്യുന്നതിനിടെ മദ്യപിച്ചിരുന്നതായി തോന്നിക്കുന്ന രണ്ട് ബൈക്ക് യാത്രികർ വഴി തടയുകയും കാറിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് നടി സമൂഹമാദ്ധ്യത്തിലൂടെ പങ്കുവച്ചത്. കുറിപ്പിൽ മുംബയ് പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.

കുറിപ്പിന്റെ പൂർണരൂപം

പുലർച്ചെ 4:50 ഓടെ ഖേർവാഡി ഫ്ലൈ ഓവറിനടുത്തുവച്ച് മദ്യപരും ആക്രമണകാരികളുമായ രണ്ട് ഗുണ്ടകൾ എന്റെ ഊബർ ഡ്രൈവറെ ഓവർടേക്ക് ചെയ്തതിന് ഒരു "പാഠം" പഠിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് തെളിവായി ക്യാമറകളുണ്ട്. അവർ ഒരു നോ സ്റ്റോപ്പ് ഹൈവേയിൽ ഞങ്ങളുടെ വഴി തടയാൻ ശ്രമിച്ചു. തുടർന്ന് സ്കൂട്ടർ ഹൈവേയുടെ മദ്ധ്യത്തിലായി ഞങ്ങളുടെ മുന്നിൽ നിർത്തി.

എന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി, നിന്റെ അമ്മയെ വെറുതെ വിടില്ലെന്നു പറഞ്ഞു. വാതിലുകൾ ബലമായി തുറക്കാൻ ശ്രമിച്ചു. ജനാലകൾ താഴ്ത്താൻ എന്നോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഞങ്ങൾ അതൊന്നും ചെയ്തില്ല, കാരണം അയാൾ ഡ്രൈവറെ മർദ്ദിക്കാൻ വന്നതാണെന്ന് വ്യക്തമാണ്. നിരവധി സാക്ഷികളുള്ള ഈ പീഡനവും ആക്രമണവും ഹൈവേയുടെ നടുവിലാണ് നടന്നത്. ഞാൻ വീഡിയോ പകർത്താൻ ശ്രമിച്ചതോടെയാണ് അവർ പോയത്.

സമാനമായ അനുഭവം നേരത്തെയും ഉണ്ടായതായി നടി പറഞ്ഞു. മുംബയിലെ കൊളാബയിലൂടെ സഞ്ചരിക്കവേയാണ് മുൻപ് ദുരനുഭവമുണ്ടായതെന്ന് നടി പങ്കുവച്ചു. ഡൽഹിയിൽ ജനിച്ചുവളർന്ന നിമിഷ നായർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷമാണ് മുംബയിലേയ്ക്ക് താമസം മാറിയത്.