എന്ത് ആഗ്രഹവും നടക്കും, ദിവസവും ഈ കാര്യങ്ങൾ ചെയ്താൽ മതി; എന്താണ് മാനിഫെസ്റ്റേഷൻ

Thursday 19 March 2026 1:09 PM IST

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ചചെയ്യുന്ന ഒന്നാണ് മാനിഫെസ്റ്റേഷൻ. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ,​ ആലിയ ഭട്ട്,​ ധനുഷ്,​ വിദ്യ ബാലൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ഇതുസംബന്ധിച്ച് വീഡിയോകൾ ചെയ്തിട്ടുണ്ട്. നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ പ്രപഞ്ചം സാധിച്ചുതരുമെന്നതാണ് ഇതിന്റെ അർത്ഥം. എന്താണ് മാനിഫെസ്റ്റഷൻ എന്ന് നോക്കിയാലോ?

എന്താണ് മാനിഫെസ്റ്റേഷൻ

നമ്മുടെ സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കാനുള്ള ഒരു മാർഗമാണ് ഇത്. മാനിഫെസ്റ്റേഷനിൽ ഏറ്റവും പ്രാധാന്യം അതിനെ പൂർണമായും വിശ്വസിക്കുക എന്നതാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ മാനിഫെസ്റ്റേഷനിലൂടെ നേടിയെടുക്കുന്നതാണ് ഈ വിദ്യ. ആഗ്രഹിക്കുന്നത് ലഭിച്ചെന്ന രീതിയിൽ ദിവസവും അതിനെക്കുറിച്ച് പ്രപഞ്ചത്തോട് സംസാരിക്കണം. നമ്മുടെ സ്വപ്നങ്ങൾ നടന്നെന്നും അതിന് പ്രപഞ്ചത്തോട് നന്ദി പറയുകയുമാണ് ചെയ്യേണ്ടത്.

ഉദാഹരണത്തിന്: 'ആഗ്രഹിച്ചതുപോലെ ഒരു വീട് ഞാൻ വച്ചു. അതിന് പ്രപഞ്ചത്തോട് നന്ദി പറയുന്നു' എന്ന രീതിയിൽ ദിവസവും ഒരു തവണയെങ്കിലും പറയുക. കാലക്രമേണ ആ ആഗ്രഹം നടക്കുമെന്നാണ് വിശ്വാസം. ഇന്ന് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും ഇത് പിന്തുടരുന്നുണ്ട്. ഓരോ തവണ മാനിഫെസ്റ്റ് ചെയ്യുമ്പോഴും അത് നമ്മുടെ ആഗ്രഹങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.

മാനിഫെസ്റ്റ് പലതരം

പല തരത്തിൽ മാനിഫെസ്റ്റ് ചെയ്യുന്നവരുണ്ട്. നടി ആലിയ ഭട്ട് കണ്ണാടി നോക്കി മാനിഫെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പോസിറ്റീവായ കാര്യങ്ങൾ ഇത്തരത്തിൽ പറയുന്നത് എപ്പോഴും നമ്മുക്ക് ചുറ്റും ഒരു പോസിറ്റീവ് എനർജി നൽകുന്നു. ചിലർ തന്റെ ആഗ്രഹങ്ങൾ നടന്നതായും അതിന് ശേഷമുള്ള കാര്യങ്ങൾ വിഷ്വലൈസ് ചെയ്യുന്നു. മറ്റ് ചിലർ മാനിഫെസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ പേപ്പറിൽ എഴുതിവയ്ക്കുന്നു. ആഗ്രങ്ങളും ലക്ഷ്യങ്ങളും നടന്നുകഴിഞ്ഞുവെന്ന രീതിയിലാണ് പേപ്പറിൽ കുറിച്ചുവയ്ക്കുന്നത്. ഇത്തരത്തിൽ പലതരം മാനിഫെസ്റ്റേഷൻ രീതി നിലനിൽക്കുന്നുണ്ട്.

വിദഗ്ധരുടെ അഭിപ്രായം

മാനിഫെസ്റ്റേഷന് പിന്നിൽ ശക്തമായ ശാസ്ത്രീയ വശമുണ്ടെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ സെന്റർ ഫോർ കംപാഷൻ ആൻഡ് ആൾട്ട്രൂയിസം റിസർച്ച് ആൻഡ് എഡ്യുക്കേഷന്റെ സ്ഥാപകനും ഡോക്ടറുമായ ജെയിംസ് ആർ ഡോട്ടി പറയുന്നു. പ്രപഞ്ചം നിങ്ങക്കുവേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നില്ലെന്നാണ് ഡോട്ടി അഭിപ്രായപ്പെടുന്നത്. ഡോട്ടിയുടെ പുസ്തകമായ 'മൈൻഡ് മാജിക്: ദി ന്യൂറോസയൻസ് ഓഫ് മാനിഫെസ്റ്റേഷൻ ആൻഡ് ഹൗ ഇറ്റ് ചേഞ്ച്സ് എവരിതിംഗിൽ' ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ഇത്തരത്തിൽ മാനിഫെസ്റ്റേഷൻ ചെയ്യുമ്പോൾ അത് തലച്ചോറിനെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങൾ ഉപബോധമനസിൽ പതിയുകയും ചെയ്യുന്നുവെന്ന് ഡോട്ടി വ്യക്തമാക്കുന്നു. ഇത് നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ നിങ്ങളുടെ തലച്ചോറിനെ പ്രേരിപ്പിക്കുകയും തലച്ചോറിൽ പുതിയ ന്യൂറോ പാർട്ടുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഓരേ കാര്യത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തലച്ചോർ തന്നെ അതിലേക്കെത്താനുള്ള മാ‌ർഗം കണ്ടെത്താൻ ശ്രമിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഒരിക്കലും നിങ്ങൾ സ്വയം നെഗറ്റീവ് കാര്യങ്ങൾ പറയരുതെന്നും വിദഗ്ധർ പറയുന്നു.