നിങ്ങളുടെ സീറ്റ് വിട്ടുതരാന്‍ മറ്റൊരാള്‍ തയ്യാറായില്ലെങ്കില്‍ എന്തു ചെയ്യണം ?

Thursday 19 March 2026 9:41 PM IST

യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പരിഗണിക്കുന്ന മാര്‍ഗമാണ് ട്രെയിനുകള്‍. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകളാണെങ്കില്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുകയെന്നതാണ് സാധാരണ ചെയ്യുന്നത്. പലപ്പോഴും ഒരു ഒത്തുകൂടല്‍ കൂടിയാണ് ട്രെയിന്‍ യാത്രകള്‍. എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളില്‍ ഒന്നാണ് നമ്മള്‍ റിസര്‍വ് ചെയ്ത സീറ്റ് മറ്റൊരാള്‍ കയ്യേറുന്നത്. ചിലപ്പോഴൊക്കെ ടിക്കറ്റ് കാണിച്ചാലും സീറ്റ് വിട്ടുനല്‍കാതിരിക്കുന്ന സാഹചര്യവുമുണ്ടാകും.

ഇതുപോലെ സീറ്റ് വിട്ടുതരാന്‍ തയ്യാറായില്ലെങ്കില്‍ അതിന് കൃത്യമായ ഹെല്‍പ്ലൈന്‍ സംവിധാനവും ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നിരവധിപേര്‍ക്ക് ഇക്കാര്യം അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങളുടെ ഫോണില്‍ നിന്ന് 139 എന്ന നമ്പറിലേക്ക് ഒരു മെസേജ് അയക്കുക മാത്രമാണ് പ്രശ്‌നം പരിഹരിക്കാനായി ചെയ്യേണ്ടത്.

സീറ്റ് എന്ന് ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് ഇട്ട് പിഎന്‍ആര്‍ നമ്പര്‍ രേഖപ്പെടുത്തുക. വീണ്ടും സ്‌പേസ് ഇട്ട ശേഷം സീറ്റ് നമ്പര്‍ രേഖപ്പെടുത്തുക. ശേഷം 139 എന്ന നമ്പറിലേക്ക് ഈ സന്ദേശം അയക്കുക. ഇതിന് ശേഷം വളരെ പെട്ടെന്ന് തന്നെ ടിടിഇ നിങ്ങളുടെ സീറ്റിലേക്ക് എത്തുകയും പ്രശ്‌നം പരിഹരിക്കുകയും അതിനാല്‍ ബുക്ക് ചെയ്ത സീറ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

പലപ്പോഴും ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരാണ് ഈ പ്രശ്‌നം പ്രധാനമായും നേരിടുന്നത്. ഭാഷാ പരിമിതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാരണം ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നത് പ്രശ്‌നങ്ങളിലേക്ക് ഉള്‍പ്പെടെ നയിക്കാറുമുണ്ട്.