സുധാകരൻ ഇന്ന് കണ്ണൂരിലെത്തും;  ജാഗ്രതയോടെ യു.ഡി.എഫ്

Thursday 19 March 2026 9:57 PM IST

കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഒടുവിൽ പാർട്ടിക്ക് വഴങ്ങിയ കെ.സുധാകരൻ ഇന്ന് കണ്ണൂരിലെത്തും. സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും കണ്ണൂരിലെത്തുന്ന സുധാകരൻ മനസ്സ് തുറക്കുമെന്നാണ് സൂചന.മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടാണ് സുധാകരനെ അനുനയിപ്പിച്ചത്. . അതെ സമയം കണ്ണൂർ കോൺഗ്രസ് പ്രവർത്തകർ ഇനിയും ആശങ്കയിലാണ്. ഇന്ന് നാട്ടിലെത്തുന്ന എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യം ബാക്കിനിൽക്കുന്നു. വിധേയനാണെന്ന് പറയുമ്പോഴും നിലപാടിൽ ഒരു തന്ത്രപരമായ അവ്യക്തത അദ്ദേഹം നിലനിർത്തുന്നുണ്ട്. അതെസമയം നാട്ടിലെത്തുന്ന സുധാകരന് കണ്ണൂരിലേക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ തന്നെയാണ് അനുയായികളുടെ തീരുമാനം.

രാവിലെ ഗുഡ്‌ബൈ; വൈകിട്ട് വിധേയൻ ആദ്യ ഘട്ടത്തിൽ ഹൈക്കമാൻഡ് നിരാശാജനകമായ സൂചന നൽകിയതോടെ 'നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി ഗുഡ്‌ബൈ' എന്ന് പ്രതികരിച്ച് കെ.സി. വേണുഗോപാലിനടക്കം പാർട്ടി ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കണ്ണൂരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനവ്യാപകമായി 15ലധികം സീറ്റുകളിൽ സ്വതന്ത്രരായി മത്സരിക്കാൻ അനുകൂലികൾ ഒരുങ്ങിയതും സ്ഥിതി വഷളാക്കി.

അയയാതെ അണികൾ

സുധാകരന് സീറ്റില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ആവർത്തിക്കുകയാണ് സുധാകരൻ അനുകൂലികൾ. സുധാകരന് പിന്തുണയുമായി നിലവിൽ മൂന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരാണ് രംഗത്തുവന്നത്. കെ.സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് അംഗീകാരം നൽകിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രവർത്തകർ കണ്ണൂർ ഡി.സി.സി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തിയിരുന്നു.