മഴയിൽ ചോർന്നൊലിച്ച് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനൽ
കട്ടപ്പന : വേനൽ മഴയിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനൽ ചോർന്നൊലിക്കുന്നു. ചോർച്ചയ്ക്ക് പരിഹാരമായി റൂഫിങ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ചൊവ്വാഴ്ച പെയ്ത വേനൽമഴയിൽ സ്ഥാപനങ്ങളിലേയ്ക്ക് ഈർപ്പം അടിച്ച് കയറിയതിനൊപ്പം യാത്രക്കാർ ഇരിക്കുന്ന വിശ്രമ സ്ഥലങ്ങളിലും വലിയ തോതിൽ വെള്ളം ഇറങ്ങി. മുമ്പ് സമാനമായി പ്രശ്നമുണ്ടാകുകയും വ്യാപാരികൾക്ക് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് നഗരസഭ ബസ് സ്റ്റാൻഡ് റൂഫിങ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ മാസങ്ങളായി തുടരുന്ന നിർമ്മാണ പ്രവർത്തനം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാണ്. റൂഫിങ് പൂർത്തീകരിച്ച ഇടങ്ങളിൽ ഉൾപ്പെടെ ചോർച്ച ഉണ്ടാകുന്നുണ്ട്. ഇതിനോടൊപ്പം ബസ് സ്റ്റാൻഡിനുള്ളിലെ വെള്ളക്കെട്ടിനും പരിഹാരമില്ല. മഴക്കാലത്തിനു മുമ്പ് തന്നെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വ്യത്യസ്ത പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
വ്യാപാരികളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി പണം ഭിക്ഷയെടുത്ത് ടെർമിനൽ നവീകരിക്കുന്നതിനായി സംഭാവനയായി നഗരസഭ അധികൃതർക്ക് കൈമാറി ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ, മേഖലാ സെക്രട്ടറി ബിബിൻ ബാബു, പ്രസിഡന്റ് സെബിൻ തോമസ് എന്നിവർ സംസാരിച്ചു.