ദേശീയപാതയിൽ ഹരിപ്പാട് മണ്ണിടിഞ്ഞു,​ വൻ അപകടം ഒഴിവായി ​

Friday 20 March 2026 1:00 AM IST

ഹരിപ്പാട്: ഹരിപ്പാട് ദേശീയപാതയുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ റോഡിന്റെ ഒരുവശം ഇടിഞ്ഞു വീണു. ഡാണാപടി പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്നലെ വൈകിട്ട് 6.30തോടെയാണ് സംഭവം. ഈ ഭാഗത്ത്‌ അടിപ്പാത നിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു. തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. റോഡിന്റെ ഏകദേശം 15 മീറ്ററോളം ഭാഗം ഇടിഞ്ഞു വീണു. ഇതിനെ തുടർന്ന് ദേശീയപാതയിൽ ഈ ഭാഗത്ത്‌ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണം നടക്കുന്നതിനാൽ ഡിവൈഡർ വച്ച് റോഡ് തിരിച്ചിരുന്നതിനാൽ ഈ ഭാഗത്തേക്ക് വാഹനങ്ങൾ കടന്നു പോയിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി. രാത്രി വൈകിയും ഇടിഞ്ഞുവീണ ഭാഗത്ത്‌ മണൽ പൂർവ്വ സ്ഥിതിയിലാക്കുന്ന ജോലികൾ നടക്കുകയാണ്.

അപകടം ഒഴിയാതെ,​ ജനം ആശങ്കയിൽ

ദേശീയപാതയുടെ പുതിയതായി ടാർ ചെയ്ത ഭാഗവും മണ്ണിനൊപ്പം ഇടിഞ്ഞു വീണു. നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഉണ്ടാകുന്ന അപകടങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി ഉയർത്തിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായ റോഡിന്റെ വശങ്ങളിൽ ഉൾപ്പടെ ചെറിയൊരു അനക്കം തട്ടിയാൽ പോലും മണൽ ഇടിഞ്ഞുവീഴുന്ന സ്ഥിതിയാണെന്നും വിശ്വസിച്ചു യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഡാണാപടിയിൽ അടിപ്പാത നിർമ്മാണത്തിനായി മണൽ നീക്കം ചെയ്തത് ശാസ്ത്രീയമായി അല്ലെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആക്ഷേപമുണ്ട്‌.