വാഹന ചെല്ലാന്റെ പേരിൽ തട്ടിപ്പ്, വള്ളികുന്നം സ്വദേശിക്ക് 3 ലക്ഷം നഷ്ടമായി
ആലപ്പുഴ: വാഹന ചെല്ലാൻ അടയ്ക്കാനെന്ന പേരിൽ മൊബൈലിലെത്തിയ ലിങ്കിൽ ക്ളിക്ക് ചെയ്ത വള്ളികുന്നം സ്വദേശിക്ക് നഷ്ടമായത് മൂന്നുലക്ഷത്തോളം രൂപ. വള്ളികുന്നം വട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപം ഓട്ടോ ഡ്രൈവറായ വിനോദ് ബേബിക്കാണ് പണം നഷ്ടപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. വിനോദ് ബേബിക്ക് 1000 രൂപ മോട്ടോർ വാഹന വകുപ്പിന്റെ പെറ്റി അടയ്ക്കാനുണ്ടായിരുന്നതിനാൽ മൊബൈലിലെത്തിയ സന്ദേശത്തിൽ സംശയം തോന്നിയില്ല.ഇത് തട്ടിപ്പുകാർക്ക് തുണയായി. മോട്ടോർ വാഹന വകുപ്പിൽ നിന്നും ഫൈൻ ഈടാക്കാനായി വന്ന സന്ദേശമാണെന്ന് കരുതി ലിങ്ക് ഓപ്പൺ ചെയ്തതിന് പിന്നാലെ ഫോണിലെത്തിയ ഒ.ടി.പി ലിങ്കിലേക്ക് നൽകിയതോടെ അക്കൗണ്ടിൽ നിന്നും ആദ്യം 1,99,503 രൂപയും ഒരുമണിക്കൂറിനുള്ളിൽ 99,003 രൂപയും നഷ്ടമാകുകയായിരുന്നു. സംശയം തോന്നിയതോടെ സമീപത്തെ ബാങ്കിലെത്തി വിവരം പറയുകയും വള്ളികുന്നം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ബാങ്ക് ഇടപെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനാൽ ബാക്കിയുണ്ടായിരുന്ന പണം നഷ്ടമായില്ല. വിനോദ് ബേബിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത വള്ളികുന്നം പൊലീസ് കേസ് തുടരന്വേഷണത്തിനായി ആലപ്പുഴ സൈബർ പൊലീസിന് കൈമാറി.