പൂട്ടിക്കിടന്ന കെട്ടിടത്തിൽ പുരുഷന്റെ അസ്ഥികൂടം

Friday 20 March 2026 1:10 AM IST

സമീപം ലാപ്ടോപ്പും മൊബൈൽ ഫോണും

കൊച്ചി: എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒരു മാസത്തിലേറെ പഴക്കമുള്ള പുരുഷ അസ്ഥികൂടം കണ്ടെത്തി. സമീപമുണ്ടായിരുന്ന ലാപ് ടോപ്പും മൊബൈൽഫോണും കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി.

എറണാകുളം സൗത്ത് റെയിൽവേ മേൽപ്പാലത്തിന് താഴെ നിന്ന് റെയിൽവേ സ്റ്റേഷന്റെ രണ്ടാംപ്രവേശന കവാടത്തിലേക്ക് പോകുന്ന റോഡിന് സമീപം ഫാക്ടിന്റെ പൂട്ടിക്കിടക്കുന്ന പഴയ കെട്ടിടത്തിനകത്തായിരുന്നു അസ്ഥികൂടം. കെട്ടിട വളപ്പിൽ ആക്രി പെറുക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. മേൽപ്പാലത്തിന് താഴെയുള്ള ആക്രിക്കട ജീവനക്കാരൻ ഇവരിൽ നിന്ന് വിവരമറിഞ്ഞ് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. കടവന്ത്ര എസ്.എച്ച്.ഒ ആർ.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധിച്ചു.

പ്ലാസ്റ്റിക് പായയിലാണ് അസ്ഥികൂടം കിടന്നത്. നീല ജീൻസും ഷർട്ടുമാണ് വേഷം. 35 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. 160 സെന്റീമീറ്റർ നീളമുണ്ട്. ഇൻക്വസ്റ്റിന് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചത് മോഷ്ടാവ് ?

ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുറ്റവാളിയാകാം മരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. സമീപം കണ്ടെത്തിയ ലാപ്ടോപ്പും മൊബൈലുമാണ് അനുമാനത്തിന് കാരണം. കൊലപാതകം ഉൾപ്പെടെയുള്ള സാദ്ധ്യതകൾ തള്ളിക്കളയുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വിജനമായ സ്ഥലത്തെ കെട്ടിടമായതിനാലാണ് മരണം പുറത്തറിയാൻ വൈകിയത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി. പ്രേമാനന്ദകൃഷ്ണൻ സ്ഥലത്തെത്തി.