പൊലീസ് ചമഞ്ഞ് കവർച്ച: മുഖ്യപ്രതിയും അറസ്റ്റിൽ
കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിലെ ഹോട്ടലിൽ പൊലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും സ്നേഹിതയെയും കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ആലപ്പുഴ വയലാർ സ്വദേശി അമൽ (റോഡ്‌ഗ്രിസ് 25) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട് വടകര സ്വദേശി തോമസ് ചാക്കോ, പള്ളുരുത്തി സ്വദേശി ഭവൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ചേർത്തല പൊലീസ് സ്റ്റേഷനിലെ ക്രിമിനൽ കേസിൽ പ്രതിയായ അമലിന്റെ നേതൃത്വത്തിലായിരുന്നു കവർച്ച. പൊലീസ് ഉദ്യോഗസ്ഥരാണെന്നും ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി സ്വർണ ചെയിനും ഐ ഫോണും 5000 രൂപയുമാണ് തട്ടിയത്. പൊലീസിന്റെ ലഹിരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിലെ അംഗങ്ങളാണെന്ന് പറഞ്ഞാണ് കവർച്ച നടത്തിയത്. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മുറിയിൽ തടങ്കലിൽ വയ്ക്കുകയും ചെയ്തു. ഫോണുകൾ പൊലീസ് കണ്ടെടുത്തിരുന്നു. മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.