കിം ജോംഗ് ഉന്നിനെ എതിർത്ത 0.07 % ആര്?

Friday 20 March 2026 7:16 AM IST

പ്യോഗ്യാംഗ്: ഉത്തര കൊറിയയിൽ നിന്ന് ഒരു ചോദ്യമുയരുന്നു... ഏകാധിപതി കിം ജോംഗ് ഉന്നിനെ എതിർക്കുന്നവരാര്... ?​ കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പാർലമെന്റായ സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ സ്വാഭാവികമായും കിമ്മിന്റെ വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയ ജയിച്ചു. വർക്കേഴ്സ് പാർട്ടിയും സഖ്യകക്ഷികളും 99.93 ശതമാനം വോട്ട് നേടി. കിമ്മിന്റെ സഹോദരി കിം യോ ജോംഗ് അടക്കം തിരഞ്ഞെടുക്കപ്പെട്ടു.

പക്ഷേ ചോദ്യം അതല്ല. പ്രതിപക്ഷമില്ലാതിരുന്നിട്ടും 99.93 ശതമാനം വോട്ടാണല്ലോ കിമ്മിന്റെ പാർട്ടി നേടിയത്. അങ്ങനെയെങ്കിൽ ബാക്കി 0.07 ശതമാനം എവിടെ പോയി ? 687 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണകൂടം മുൻ കൂട്ടി നിശ്ചയിച്ച ഒരു സ്ഥാനാർത്ഥി മാത്രമാകും ഓരോ സീറ്റിലെയും ബാലറ്റിൽ. വോട്ടർമാക്ക് ഇവരെ ഒന്നുകിൽ പിന്തുണയ്ക്കാം അല്ലെങ്കിൽ തള്ളാം. ഇപ്രകാരം സ്ഥാനാർത്ഥിയോട് ചിലർ വിയോജിപ്പ് രേഖപ്പെടുത്തിയതോടെയാണ് കിമ്മിന്റെ പാർട്ടിക്ക് 0.07 ശതമാനം നഷ്ടമായത്. 1957ന് ശേഷം ആദ്യമായാണ് വോട്ടർമാരുടെ വിയോജിപ്പ് എത്രയാണെന്ന് ഉത്തര കൊറിയൻ ദേശീയ മാദ്ധ്യമം പുറത്തുവിട്ടത്.

കിമ്മിനുവേണ്ടി

കിമ്മിനാൽ...

 വോട്ട് പൗരന്മാരുടെ നിർബന്ധിത കടമ

 കിം നിർദ്ദേശിക്കുന്നവർ മാത്രം സ്ഥാനാർത്ഥി

 100 ശതമാനം പോളിംഗും 100 ശതമാനം വിജയവും സാധാരണം