രണ്ടാമൂഴത്തിന് വി.എൻ.വാസവൻ, പിടിച്ചുകെട്ടാൻ നാട്ടകം സുരേഷ്

Saturday 21 March 2026 1:04 AM IST

കോട്ടയം : ഏറ്റുമാനൂരിൽ നടപ്പാക്കിയ വികസന നേട്ടങ്ങളുടെ നീണ്ട ലിസ്റ്റുമായി രണ്ടാമൂഴത്തിന് മന്ത്രി വി.എൻ.വാസവൻ ഇറങ്ങുമ്പോൾ, പിടിച്ചുകെട്ടാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ.

എൻ.ഡി.എയ്ക്കായി ട്വന്റി ട്വന്റി സ്ഥാനാർത്ഥി ആതിര ഡി.നായരാണ്. 1977 ന് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. എല്ലാ വിഭാഗക്കാരുമായുള്ള അടുത്ത ബന്ധവും, സർക്കാരിന്റെ വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടി വി.എൻ.വാസവൻ നിറഞ്ഞു നിൽക്കുമ്പോൾ സർക്കാർ വിരുദ്ധതയും ശബരിമല സ്വർണക്കൊള്ളവിവാദവും ന്യൂനപക്ഷ വോട്ടുകളും തുണയാകുമെന്ന വിശ്വാസത്തിലാണ് നാട്ടകം സുരേഷ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ച നടി വീണാനായർക്ക് വോട്ടില്ലാതെ വന്നതോടെ മറ്റൊരു സെലിബ്രിറ്റിയായ ആതിരയ്ക്ക് നറുക്കു വീഴുകയായിരുന്നു. ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകവും, അയ്മനവും, മലരിക്കലും, എം.ജി സർവകലാശാല ആസ്ഥാനവും, മെഡിക്കൽ കോളേജും, നിരവധി പ്രമുഖ ആരാധനാലയങ്ങളും മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു.

ഈഴവ വിഭാഗം നിർണായക ശക്തി

ഈഴവ വിഭാഗമാണ് മണ്ഡലത്തിലെ നിർണായക ശക്തി. ക്രൈസ്തവർക്കും സ്വാധീനമുണ്ട്. പ്രധാനമായും കാർഷിക മേഖലയാണ്. ഏറ്റുമാനൂർ നഗരസഭയും, കുമരകം, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. ഏറ്റുമാനൂർ നഗരസഭയും, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര, പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. തിരുവാർപ്പ് എൽ.ഡി.എഫും അയ്മനം എൻ.ഡി.എയും ഭരിക്കുന്നു. കുമരകത്ത് സി.പി.എം വലിയ ഒറ്റക്കക്ഷിയാണെങ്കിലും പ്രസിഡന്റ് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനാണ്.

നിയമസഭ തിരഞ്ഞെടുപ്പ് 2021

വി.എൻ.വാസവൻ (എൽ.ഡി.എഫ്)​ : 58289

പ്രിൻസ് ലൂക്കോസ് (യു.ഡി.എഫ് )​ : 43986

ടി.എൻ.ഹരികുമാർ (എൻ.ഡി.എ)​ : 13746

ലതികാ സുഭാഷ് (സ്വതന്ത്ര)​ : 7624

വി.എൻ.വാസവൻ

സഹകരണ,​ ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി. 2006 ൽ കോട്ടയം മണ്ഡലത്തിൽ നിന്ന് ആദ്യം നിയമസഭയിലെത്തി. 2021 ൽ ഏറ്റുമാനൂരിൽ നിന്ന് വിജയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം. റബ്കോ മുൻ ചെയർമാൻ.

നാട്ടകം സുരേഷ്

നാട്ടകം പഞ്ചായത്ത് പ്രസിഡന്റും, കോട്ടയം നഗരസഭ കൗൺസിലറായിരുന്നു. കെ.എസ്.യു ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. നിലവിൽ ഡി.സിസി പ്രസിഡന്റ്. നിയമസഭയിലേക്ക് കന്നിമത്സരം.

ആതിര ‌ ഡി.നായർ

25 കാരിയായ ആതിര ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്. സംഗീതജ്ഞതയും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. മാന്നാനം കെ.ഇ സ്കൂളിൽ അദ്ധ്യാപികയുമായിരുന്നു.