പാചകവാതക ക്ഷാമം രൂക്ഷം..., പ്രചാരണത്തിന്റെ ഗ്യാസ് പോകുമോ ?

Saturday 21 March 2026 12:05 AM IST

കോട്ടയം : ജില്ലയിൽ രൂക്ഷമായ പാചകവാതക ക്ഷാമം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയിൽ സ്ഥാനാർത്ഥികൾ. നേതാക്കൾക്കും, പ്രവർത്തകർക്കും ദിവസേന ഭക്ഷണം ഒരുക്കുകയാണ് വെല്ലുവിളി. പ്രചാരണ യോഗങ്ങൾ, വീടുതോറും നടത്തുന്ന സന്ദർശനങ്ങൾ, പ്രവർത്തക സംഗമങ്ങൾ എന്നിവയ്ക്കായി വലിയ തോതിൽ ഭക്ഷണം പാകം ചെയ്യണം. സാധാരണയായി ഹോട്ടലുകളും, കാറ്ററിംഗ് യൂണിറ്റുകളും പ്രവർത്തകരുടെ വീടുകളിലുമാണ് ഭക്ഷണമൊരുക്കുന്നത്. എന്നാൽ പാചകവാതക ക്ഷാമം മൂലം കാറ്ററിംഗ് സംഘങ്ങൾക്കും ആവശ്യമായ തോതിൽ ഭക്ഷണം തയ്യാറാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു മണ്ഡലത്തിൽ കുറഞ്ഞത് ആയിരം പേരെങ്കിലും പ്രചാരണ പ്രവർത്തനങ്ങളിലുണ്ടാവും. സമയത്ത് രുചികരമായ ഭക്ഷണം നൽകാൻ കഴിയാത്തത് പ്രചാരണത്തിന്റെ താളം തെറ്റിക്കും.

വലിയ കൂട്ടായ്മകൾ ഒഴിവാക്കും

പാചകവാതക പ്രതിസന്ധി തുടർന്നാൽ വലിയ കൂട്ടായ്മകൾ ഒഴിവാക്കി ചെറിയ മീറ്റിംഗുകളിലേക്ക് മാറുന്നതിനെപ്പറ്റിയും സ്ഥാനാർത്ഥികൾ ചിന്തിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ഗ്രാമപ്രദേശങ്ങളിൽ വിറക് ഉപയോഗിക്കാമെങ്കിൽ അതിനുള്ള സൗകര്യങ്ങളുള്ള അടുക്കളകൾ കുറവാണ്.

ബദൽ സംവിധാനം

 ഇൻഡക്ഷൻ സ്റ്റൗവുകൾ, മരംചൂളകൾ എന്നിവയുടെ സാദ്ധ്യത

 മറ്റ് ജില്ലകളിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനുള്ള ശ്രമം  വീടുകളിൽ ഭക്ഷണം ഒരുക്കി എത്തിക്കുന്നത്