ചട്ടലംഘനം അറിയിക്കാം സി വിജിൽ ആപ്പിലൂടെ
Saturday 21 March 2026 12:38 AM IST
കോട്ടയം : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജിൽ മൊബൈൽ ആപ്പ് വഴി അധികൃതരെ അറിയിക്കാം. പണം, മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജവാർത്തകൾ, അനധികൃതമായി പ്രചാരണസാമഗ്രികൾ പതിക്കൽ തുടങ്ങിയ വിവരങ്ങൾ അറിയിക്കാം. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവ നൽകാനാകും. പരാതി സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ലിങ്ക് https://play.google.com/store/apps/details?id=in.nic.eci.cvigil.