തളിപ്പറമ്പിൽ ഹൈവോൾട്ടേജ് യു.ഡി.എഫിൽ കലാപം; ഇടതിന് ആശയക്കുഴപ്പം
കണ്ണൂർ: കെ.സുധാകരൻ ഉയർത്തിയ കലാപം അടങ്ങിയെങ്കിലും യു.ഡി.എഫിന് തലവേദനയായി തളിപ്പറമ്പ് നിയോജകമണ്ഡലം. സി പി.എമ്മിന്റെ കോട്ടയിൽ പാർട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദന്റെ രംഗപ്രവേശം ഇടതുമുന്നണിക്ക് ഷോക്കാണെങ്കിൽ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച യു.ഡി.എഫ് തീരുമാനം കോൺഗ്രസ് അണികൾക്കിടയിൽ കടുത്ത അമർഷത്തിനും കാരണമായി.കെ.പി.സി.സി അംഗവും ഡി.സി.സി സെക്രട്ടറിയുമായ കൊയ്യം ജനാർദ്ദനൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വമേധയാ ടി.കെ.ഗോവിന്ദൻ 75ാം വയസ്സിൽ ഇത്തരമൊരു നടപടിക്ക് ഒരുങ്ങില്ലെന്നാണ് വലിയൊരു വിഭാഗം പ്രവർത്തകരും കരുതിയിരുന്നത്. സിപിഎമ്മിനുള്ളിലെ മുതിർന്ന നേതാക്കളുടെ പിന്തുണയില്ലാതെ ഇത്തരമൊരു നീക്കം സാദ്ധ്യമല്ലെന്ന് വിശ്വസിക്കുന്ന അണികളുമുണ്ട്. ഇത് ടി.കെ. ഗോവിന്ദൻ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ലെന്ന പ്രചാരണമാണ് പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
കോൺഗ്രസിൽ പ്രതിഷേധം കത്തുന്നു ടി.കെ.ഗോവിന്ദന് യു.ഡി.എഫ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചതോടെ തളിപ്പറമ്പിലെ കോൺഗ്രസ് അണികൾ രണ്ടു തട്ടിലായിട്ടുണ്ട്. 60 വർഷം സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ചൊരാൾക്ക് കോൺഗ്രസ് വോട്ടർമാർ പിന്തുണ നൽകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. ടി.കെ. ഗോവിന്ദന് എതിരെ കലാപകൊടി ഉയർത്താൻ തയ്യാറെടുക്കുകയാണിവർ. സി.പി.എമ്മിലെ ആഭ്യന്തര കലാപം ഉപയോഗിക്കാതെ വിമതരെ പിന്തുണയ്ക്കുന്ന തീരുമാനം ശരിയല്ലെന്നാണ് വിമതസ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുക്കുന്ന മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കൊയ്യം ജനാർദ്ദനന്റെ പക്ഷം.,ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് യുവജന വിഭാഗം ആദ്യ ഘട്ടം മുതലേ ശക്തമായ പ്രതിഷേധത്തിലാണ്. ഉയർത്തിയിരുന്നു. ഈ ആക്ഷേപം മുഖവിലക്കെടുക്കാതിരുതോടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ തന്നെ ടി.കെ. ഗോവിന്ദനെതിരെ നാമനിർദേശ പത്രിക നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കല്യാശ്ശേരിയിലും യു.ഡി.എഫിൽ ഭിന്നത കല്യാശ്ശേരിയിൽ ആദ്യഘട്ടത്തിൽ പരിഗണിച്ച ഡി.സി.സി ജനറൽ സെക്രട്ടറി രജിത് നാറാത്തിന്റെ പേര് വെട്ടി രാജീവൻ കപ്പച്ചേരിക്ക് സ്ഥാനാർഥിത്വം ലഭിച്ചത് കെ.സി വേണുഗോപാലിന്റെ ഇടപെടലിലാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദിനെ പരിഗണിക്കാതെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഇഷ്ടക്കാരനായ ചന്ദ്രൻ തില്ലങ്കേരിക്ക് ടിക്കറ്റ് നൽകിയതിലും പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നുണ്ട്.