സനേഹത്തിന്റെ സന്ദേശം പകർന്ന് ചെറിയപെരുന്നാൾ ആഘോഷം

Saturday 21 March 2026 12:14 AM IST

തൃശൂർ : സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് നാടെങ്ങും ചെറിയപെരുന്നാൾ ആഘോഷിച്ചു. ജില്ലയിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ നൂറുകണക്കിന് പേർ പങ്കുചേർന്നു. പുതുവസ്ത്രങ്ങൾ അണിഞ്ഞും ഹസ്തദാനം നൽകിയും പരസ്പരം ആശ്ലേഷിച്ചും മധുരം നൽകിയുമാണ് പലരും ഈദ്ഗാഹിലെത്തിയത്. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല, വാക്കിലും പ്രവൃത്തിയിലും തെറ്റുകൾ വരാതിരിക്കാനുള്ള ജാഗ്രത കൂടിയായിരുന്നു കഴിഞ്ഞുപോയ 29 ദിനരാത്രങ്ങൾ. ഇന്നലെ കൊക്കാലെ,ചെട്ടിയങ്ങാടി, കാളത്തോട് മഹല്ല് പള്ളി, പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാമസ്ജിദ് തുടങ്ങി പ്രമുഖ പള്ളികളിൽ നടന്ന പെരുന്നാൾ നിസ്‌കാരത്തിൽ നിരവധി പേർ പങ്കെടുത്തു. മൂന്നു മുന്നണികളുടെ സ്ഥാനാർത്ഥികളും ഈദ് ഗാഹുകളിൽ പങ്കെടുത്തു.