പത്രികാ സമർപ്പണത്തിന് രണ്ടുനാൾ കൂടി

Saturday 21 March 2026 12:00 AM IST

കൂട്ടത്തോടെ ഇന്ന് പത്രികാ സമർപ്പണത്തിന്

തൃശൂർ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇന്ന് കൂട്ടത്തോടെ സ്ഥാനാർത്ഥികളെത്തും. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷം പേരും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പത്രിക സമർപ്പിക്കാൻ രണ്ടു ദിവസം മാത്രമാണുള്ളത്. നാളെ അവധിയായതിനാൽ തിങ്കളാഴ്ച മാത്രമേ ഇനി പത്രികാ സമർപ്പണം നടത്തൂ. കോൺഗ്രസിലെയും ബി.ജെ.പിയിലെയും സ്ഥാനാർത്ഥികൾ എല്ലാവരും ഇന്ന് പത്രിക സമർപ്പിക്കില്ല. ആഘോഷമാക്കിയാണ് പല പാർട്ടികളും പത്രികാസമർപ്പണത്തിനെത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ പത്രികാ സമർപ്പണത്തിനെത്തുന്നത്. തൃശൂർ സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ, മണലൂർ സ്ഥാനാർത്ഥി കെ.കെ. അനീഷ്‌കുമാർ, നാട്ടിക സ്ഥാനാർത്ഥി സി.സി.മുകുന്ദൻ എന്നിവരാണ് പത്രിക സമർപ്പണം നടത്തുന്നത്. പടിഞ്ഞാറെകോട്ടയിൽ നിന്ന് റോഡ് ഷോയുമായാണ് കളക്ടറേറ്റിലേക്കെത്തുക. മന്ത്രി കെ. രാജൻ രാമനിലയത്തിൽ നിന്നും നേതാക്കളോടും അനുയായികളോടുമൊപ്പം എത്തി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് പത്രിക നൽകും. തൃശൂർ ഇടത് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനും കളക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കും. കോൺഗ്രസിന്റെ ഒല്ലൂർ സ്ഥാനാർത്ഥി അഡ്വ.ഷാജി ജെ. കോടങ്കണ്ടത്തും പുതുക്കാട് സ്ഥാനാർത്ഥി കെ.എം. ബാബുരാജും ഇന്ന് പത്രിക നൽകും. ഇത്തവണ പത്രിക സമർപ്പണത്തിന് സമയം കുറവായത് സ്ഥാനാർത്ഥികളെ നെട്ടോട്ടമോടിപ്പിച്ചു. പത്രികയോടൊപ്പം നൽകേണ്ട കേസുകളടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനും മറ്റുമാണ് ഏറെ പാടുപെട്ടത്.