പരപ്പാറ-പുളിച്ചാമല റോഡിന് ശാപമോക്ഷം
വിതുര: തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ പുളിച്ചാമല വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പരപ്പാറ പുളിച്ചാമല റോഡിന് ഒടുവിൽ ശാപമോക്ഷം. ഇനി സുഗമമായി ഇതുവഴി നടക്കാം. മുൻ എം.എൽ.എ ജി.സ്റ്റീഫന്റെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് റോഡ് കോൺഗ്രീറ്റ് ചെയ്തത്. പുളിച്ചാമല പരപ്പാറ റോഡ് തകർന്നിട്ട് വർഷങ്ങളായി. റോഡിൽ കുഴികൾ നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി. നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടാകുന്നത്. സ്കൂൾ വാഹനങ്ങളടക്കം നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. മഴക്കാലത്ത് റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ എം.പിക്കും എം.എൽ.എയ്ക്കും ത്രിതലപഞ്ചായത്തിലും പരാതി നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. നിരവധി സമരപരിപാടികളും സംഘടിപ്പിച്ചു.
റോഡിന്റെ ശോചനീയവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സി.പി.എം പുളിച്ചാമല ബ്രാഞ്ച്സെക്രട്ടറി നാഗരബിനുകുമാറും തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാറും നിവേദനം നൽകിയതിനെ തുടർന്ന് ജി.സ്റ്റീഫൻ ആറ് മാസം മുമ്പ് റോഡ് സന്ദർശിക്കുകയും അടിയന്തരമായി ഫണ്ട് അനുവദിക്കുകയുമായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഉദ്ഘാടനം നടത്തി.