ബിഗ് ബോസ് താരങ്ങൾ സ്വന്തമാക്കിയത് 9 കോടിയുടെ വീട്, ഗൃഹ പ്രവേശ ചിത്രങ്ങൾ വൈറൽ
ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ രാഹുൽ വൈദ്യയും നടി ദിൽ പർമറും മുംബയിൽ പുതിയ വീട് സ്വന്തമാക്കി. മുംബയിലെ ഏറ്റവും ആഡംബര വീടുകളുള്ള ബാന്ദ്ര വെസ്റ്റിലാണ് മുൻ ബിഗ്ബോസ് താരങ്ങൾ കൂടിയായ ദമ്പതികളുടെ പുതിയ വീട്. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. രണ്ടര വയസുകാരിയായ മകൾ നവ്യയ്ക്കൊപ്പം പൂജാ ചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.
വീടിന്റെ ഫോട്ടോകൾ അധികം പങ്കുവച്ചിട്ടില്ലെങ്കിലും പുതിയ അപ്പാർട്ട്മെന്റിലെ നിലത്ത് നിന്ന് സീലിംഗ് വരെ ഉയരത്തിലുള്ള ഗ്ലാസ് ജനാലകൾ നഗരത്തിന്റെ മികച്ച കാഴ്ച സമ്മാനിക്കുന്നതായി ചിത്രങ്ങളിൽ നിന്ന് മനസിലാക്കാാനാവും. പ്രധാന വാതിൽ തുറക്കുന്നത് വിശാലമായ സ്വീകരണ മുറിയിലേക്കാണ്. പേസ്റ്റൽ ടോണുകൾ നിറഞ്ഞ ചുമരുകളും മികച്ച ആംബിയൻസാണ് വീടിന് നൽകുന്നത്. സീലിംഗ് ലൈറ്റുകളും ആകർഷകമാണ്. വീടിന്റെ ഇന്റീരിയർ ഡിസൈൻ വർക്കുകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. പാനലുകളില്ലാത്ത പൂർത്തിയാകാത്ത കാബിനറ്റുകൾ ചിത്രങ്ങളിൽ കാണാനാകും.
ബോളിവുഡ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 3000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള അപ്പാർട്ട്മെന്റ് ഡി.എൽ.എച്ച് ഗ്രൂപ്പിന്റെ ഫ്ലാറ്റിലാണ്. 9 കോടിയുടെ വീടിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 56.37 ലക്ഷം രൂപയും രജിസ്ട്രേഷൻ ഫീസായി 30000 രൂപയും ഗായകൻ നൽകിയതായാണ് വിവരം. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ , രൺവീർ സീംഗ്, അനിൽ കപൂർ എന്നീ താരങ്ങളുടെ വീടുകൾ ഉള്ള ഇവിടം സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ട ഇടമാണ്.