ഡൽഹിയിലെ യു.എൻ.ഐ ഓഫീസ് ബലമായി ഒഴിപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസി യു.എൻ.ഐയുടെ (യുണൈറ്റ് ന്യൂസ് ഓഫ് ഇന്ത്യ) ഡൽഹി റാഫി മാർഗിലെ താൽക്കാലിക ഓഫീസ് ഇന്നലെ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. ഇവിടെ സ്ഥിരം കെട്ടിടം നിർമ്മിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്‌തത കാരണം സാധിച്ചിരുന്നില്ല. ഇതോടെ, അലോട്ട് ചെയ്‌ത ഭൂമി തിരിച്ചെടുക്കാൻ കേന്ദ്രസർക്കാരിന്റെ ലാൻഡ് ആൻഡ് ഡെവലപ്പ്മെന്റ് ഓഫീസ് തീരുമാനിച്ചു. ചോദ്യംചെയ്‌ത് യു.എൻ.ഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയതോടെ ഇന്നലെ സ്ഥലമൊഴിപ്പിച്ച് സീൽ ചെയ്യുകയായിരുന്നു.
മാദ്ധ്യമപ്രവർത്തകർക്ക് തങ്ങളുടെ സാധനങ്ങൾ എടുത്തുമാറ്റാനുള്ള സാവകാശം പോലും നൽകിയില്ല. മാദ്ധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമെന്ന് യു.എൻ.ഐ പ്രതികരിച്ചു. വനിതാ മാദ്ധ്യമപ്രവർത്തകരെ അടക്കം പൊലീസ് മർദ്ദിച്ചെന്നും ആരോപിച്ചു. നിയമപ്രകാരമുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്നും, ആരുടെ നേരെയും ബലം പ്രയോഗിച്ചിട്ടില്ലെന്നും പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ സച്ചിൻ ശർമ്മ വ്യക്തമാക്കി. രാഷ്ട്രീയലക്ഷ്യങ്ങൾക്കായി മാദ്ധ്യമസ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതിന്റെ അപകടകരമായ രീതിയുടെ ഭാഗമെന്ന് സി.പി.ഐയുടെ രാജ്യസഭാംഗം പി. സന്തോഷ്‌കുമാർ പ്രതികരിച്ചു.