അരിപ്പത്തിരി വാങ്ങാൻ തിക്കും തിരക്കും,​ സംഘർഷം

Saturday 21 March 2026 12:12 AM IST

കായംകുളം: ചെറിയ പെരുന്നാൾ ആഘോഷത്തിന് അരിപ്പത്തിരി വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും സംഘർഷത്തിൽ കലാശിച്ചു.

കായംകുളം മുക്കവലയിലുള്ള റോയൽ പത്തിരീസ് എന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

അരിപത്തിരിയും ചപ്പാത്തിയും ഉണ്ടാക്കി നൽകുന്ന സ്ഥാപനത്തിൽ പെരുന്നാളിനുള്ള അരിപ്പത്തിരിക്ക് മുൻകൂർ ബുക്കിംഗ് സ്വീകരിച്ചിരുന്നു. 515 പേരിൽ നിന്നായി 45000 പത്തിരിയുടെ ബുക്കിംഗ് ആണ് ലഭിച്ചത്.

ബുക്ക് ചെയ്തവരെല്ലാം പത്തിരി വാങ്ങാൻ ഒരുമിച്ച് എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തിക്കും തിരക്കും സംഘർഷത്തിലെത്തിയതോടെ പൊലീസ് ഇടപെട്ട് ‌ടോക്കൺ നൽകിയാണ് രംഗം ശാന്തമാക്കിയത്. അവസാനം ഒമ്പത് മണിയോടെ മുഴുവൻ പേർക്കും ഓർഡർ അനുസരിച്ചുള്ള പത്തിരി നൽകി. ഗ്യാസ് ക്ഷാമം അല്ല പ്രശ്നത്തിന് കാരണമെന്നും ഒരു ലക്ഷം പത്തിരി ഉണ്ടാക്കാൻ ശേഷിയുള്ള മെഷീനാണുള്ളതെന്നും ആവശ്യത്തിന് ഗ്യാസ് നേരത്തെ തന്നെ സംഭരിച്ചിരുന്നതായും ഉടമ അനസ് മുബാറക്ക് പറഞ്ഞു. പെരുനാൾ സ്ഥിരീകരിക്കാൻ താമസം ഉണ്ടായത് ഉൽപാദനത്തത്തേയും ബാധിച്ചതായും അദ്ദേഹം പറഞ്ഞു.