വിശുദ്ധിയുടെ നിറവിൽ നാടെങ്ങും ചെറിയ പെരുന്നാൾ ആഘോഷം

Saturday 21 March 2026 12:19 AM IST

മാന്നാർ: വിശുദ്ധ റംസാൻ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പുണ്യ റമളാനിൽ നൻമകളാൽ സ്ഫുടം ചെയ്തെടുത്ത മനസുമായി പുതു വസ്ത്രങ്ങളണിഞ്ഞ് പെരുന്നാൾ നിസ്കാരത്തിനെത്തിയ വിശ്വാസികളാൽ അതിരാവിലെ തന്നെ മസ്ജിദുകൾ നിറഞ്ഞു കവിഞ്ഞു. പെരുന്നാളും ജുമുഅയും ഒന്നിച്ച ദിനമെന്ന പ്രത്യേകതയും ഇന്നലത്തെ ചെറിയപെരുന്നാളിനുണ്ടായിരുന്നു.റംസാൻ വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയെടുത്ത ആത്മീയചൈതന്യം കെടാതെ സൂക്ഷിച്ച് നൻമകൾ മുറുകെപ്പിടിച്ച് മനുഷ്യ മനസ്സുകൾക്കിടയിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളബന്ധം ഊട്ടിയുറപ്പിക്കുവാനും പെരുന്നാൾ ഖുതുബയിൽ ഇമാമുമാർ ഉദ്ബോധനം നടത്തി. പെരുന്നാൾ ആഘോഷങ്ങളില്ലാതെ യുദ്ധത്തിന്റെ ഭീകരതയിൽ കണ്ണീരൊഴുക്കുന്ന ജനതയ്ക്കായും ലോക സമാധാനത്തിനായും പ്രത്യേക പ്രാർത്ഥനകളും നടത്തി. മധുരം വിതരണം ചെയ്തും പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കു വച്ചുമാണ് പെരുന്നാൾ നിസ്കാര ശേഷം വിശ്വാസികൾ മടങ്ങിയത്.

ആലപ്പുഴ പടിഞ്ഞാറെ ശാഫി മുസ്‌ലിം ജമാഅത്തിൽ ശാക്കിർദാരിമി വളക്കൈ, മസ്‌താൻ പള്ളിയിൽ സയ്യിദ് അഹ്‌മദുൽ അമീൻബാഫഖി അൽഅസ്ഹരി തങ്ങൾ, വട്ടപ്പള്ളി ജാഫർ ജുമാമസ്‌ജിദിൽ സുൽഫിക്കർ റഹ്മാനി, യാഫി മഹല്ല് മസ്ജിദിൽ അബ്‌ദുൽറഹീം സഖാഫി, മക്കിടുഷാ ജുമാമസ്‌ജിദിൽ നസീർ ബാഖവി കൊല്ലം, ആലപ്പുഴ ഹാശ്മിയ മഖാം മസ്‌ജിദിൽ മുനഫർതങ്ങൾ, മണ്ണഞ്ചേരി കിഴക്കേമഹല്ല് കേന്ദ്ര ജുമാമസ്‌ജിദിൽ എ.എം.മീരാൻ ബാഖവി മേതല, പടിഞ്ഞാറേ മഹല്ല് കേന്ദ്ര ജുമാമസ്‌ജിദിൽ യഅ്ഖുബ് നിസാമി കൊല്ലം, മണ്ണഞ്ചേരി ടൗൺ ജുമാമസ്‌ജിദിൽ ഹാഫിള് അബ്ദുൽ റഊഫ് അൽഖാസിമി, കലവൂർ ടൗൺ ജുമാമസ്ജിദിൽ എ.ഇബ്രാഹീംകുട്ടി മൗലവി, കലവൂർ ഹൈവേ ജുമാമസ്‌ജിദിൽ കബീർ ഹാഷിമി, കുട്ടനാട് കർബല മസ്‌ജിദിൽ എൻ.ഇ സാജുദ്ദീൻ ഫൈസി, കുന്നുമ്മ മുസ്ല‌ിംജമാഅത്തിൽ അബ്‌ദുല്ല തങ്ങൾ അൽഐദറൂസി, പുന്നപ്ര മസ്‌ജിദുൽ ഫാറൂഖിൽ ഹാഫിള് മുഹമ്മദ് അസ്ഹരി, പറവൂർ മുഹിയുദ്ദീൻ മസ്‌ജിദിൽ സയ്യിദ് സൽമാൻ അസ്ഹരി, വണ്ടാനം ഷറഫുൽഇസ്ല‌ാം മസ്‌ജിദിൽ ശറഹ്ബിൽ സഖാഫി, നീർക്കുന്നം മസ്‌ജിദുൽ ഇജാബയിൽ സാജിദ്ബദ്‌രി, കഞ്ഞിപ്പാടം മുസ്ലിംജമാഅത്തിൽ അബ്ദുൽ റസാഖ് ബാഖവി, കരുമാടി മുസ്ലിംജമാഅത്തിൽ നാസറുദ്ദീൻ മൗലവി, കാക്കാഴം മുസ്ലിംജമാഅത്തിൽ കുഞ്ഞുമുഹമ്മദ് ബാഖവി, പഴയങ്ങാടി മുസ്ല‌ിംജമാഅത്തിൽ ഹാരിസ് ബാഖവി, പുറക്കാട് മുസ്ല‌ിംജമാഅത്തിൽ മുഹമ്മദ് ജൗഹരി, തോട്ടപ്പള്ളി മുസ്ലിംജമാഅത്തിൽ അർഷദ്അലി അഹ്‌സനി എന്നിവർ ഖുതുബക്കും പെരുന്നാൾ നിസ്കാരത്തിനും നേതൃത്വം നൽകി.