കേരളം മാറ്റത്തിന് തയ്യാർ: രാഹുൽ ഗാന്ധി

Saturday 21 March 2026 12:32 AM IST

ന്യൂഡൽഹി: കേരളത്തിലെ ജനങ്ങളുടെ ശബ്ദത്തെയും അഭിലാഷങ്ങളെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്ന സ്ഥാനാത്ഥികളെയാണ് കോൺഗ്രസ് അവതരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കേരളത്തിൽ യു.ഡി.എഫ് ഭരണമുറപ്പാണ്. പരിചയസമ്പന്നരായ നേതാക്കളുടെയും മാറ്റം കൊണ്ടുവരാൻ കഴിവുള്ള യുവാക്കളുടെയും മിശ്രിതമാണ് കോൺഗ്രസ് പട്ടിക. വനിതകളും പുരുഷൻമാരും അടങ്ങിയ സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിലെ സങ്കീർണതകൾ മനസിലാക്കും.

കേരളം തനിക്ക് സ്വന്തം വീടാണ്. തനിക്ക് പകർന്നു തന്ന പാഠങ്ങൾക്കും ചൊരിഞ്ഞ സ്‌നേഹത്തിനും ഊഷ്മളതയ്ക്കും ഇവിടത്തെ ജനങ്ങളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. താൻ എപ്പോഴും കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ടാകും. മലയാളികൾ മാറ്റത്തിനു തയ്യാറാണ്. തങ്ങളെ കേൾക്കാനും മനസിലാക്കാനും സത്യസന്ധതയോടെ കാര്യങ്ങൾ ചെയ്യാനും കഴിവുള്ള സർക്കാരിനെയാണ് അവർ ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാരിനൊപ്പം മനോഹരമായ സംസ്ഥാനത്തിന്റെ മികച്ച ഭാവി കെട്ടിപ്പടുക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും രാഹുൽ പറഞ്ഞു.