കഴക്കൂട്ടത്ത് വീട്ടമ്മയ്ക്ക് കുത്തേറ്റു; അയൽവാസി കസ്റ്റഡിയിൽ
Saturday 21 March 2026 1:27 AM IST
കഴക്കൂട്ടം: ചെമ്പഴന്തിയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ അയൽവാസി കുത്തിപ്പരിക്കേൽപ്പിച്ചു. പറയ്ക്കോട് പനവിള വീട്ടിൽ മഞ്ജുവിനാണ് (45) പരിക്കേറ്റത്. അയൽവാസിയായ രാജുവിനെ (63) കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. മഞ്ജുവിന്റെ വീട്ടിലെത്തിയ രാജു വീട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയിലുള്ള കത്തിയുമായി മഞ്ജുവിനെ കുത്തി വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ പത്തൊൻപതോളം തുന്നലുകളുണ്ട്. ബഹളം കേട്ടെത്തിയ വാർഡ് കൗൺസിലർ അരുൺ വട്ടവിളയും നാട്ടുകാരും ചേർന്നാണ് മഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്. പ്രതിയും മഞ്ജുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.