മുട്ടയുടെ പഴക്കം ഇനി തോട് നോക്കി അറിയാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം

Saturday 21 March 2026 1:59 PM IST

ലക്‌നൗ: കടകളിൽ പോയി മുട്ട വാങ്ങുമ്പോൾ അതിന്റെ പഴക്കം തിരിച്ചറിയുക പ്രയാസമാണ്. ചിലപ്പോൾ വീട്ടിലെത്തി പൊട്ടിച്ച് നോക്കുമ്പോഴാകും മുട്ട കേടായ വിവരം മനസിലാവുന്നത്. ഉപഭോക്താക്കളുടെ ഈ പ്രശ്നത്തിന് പരിഹാരവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. മുട്ടയുടെ പഴക്കം ജനങ്ങൾക്ക് തിരിച്ചറിയാൻ പുതിയ നിയമം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.

ഏപ്രിൽ ഒന്ന് മുതൽ ഉത്തർപ്രദേശിൽ വിൽക്കുന്ന ഓരോ മുട്ടയിലും അത് ഇട്ട തീയതിയും ഉപയോഗിക്കാൻ കഴിയുന്ന അവസാന തീയതിയും രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം. മുട്ടകൾ സൂക്ഷിക്കുന്ന ട്രേയിലോ പെട്ടിയിലോ മാത്രമല്ല ഓരോ മുട്ടയുടെയും പുറത്തുതന്നെ ഈ തീയതികൾ പ്രിന്റ് ചെയ്തിരിക്കണം. വലിയ കടകളിലും ചെറിയ കടകൾക്കും ഈ നിയമം ബാധകമാണ്.

ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) ഉത്തരവ് പ്രകാരം മുട്ട ഇട്ട തീയതി മുതൽ 28 ദിവസം വരെയാണ് അത് ഉപയോഗിക്കാൻ സുരക്ഷിതമായ സമയമായി കണക്കാക്കുന്നത്. സംസ്ഥാനത്തിനകത്ത് ഉൽപാദിപ്പിക്കുന്നമുട്ടകൾക്കും പുറത്തുനിന്ന് കൊണ്ടുവന്ന് വിൽക്കുന്നവയ്ക്കും ഈ നിയമം ബാധകമാണ്.

പഴകിയ മുട്ടകൾ വിപണിയിൽ എത്തുന്നത് തടയാനാണ് ഇത്തരമൊരു നിയമം കൊണ്ട് വന്നതെന്നാണ് സർക്കാർ അറിയിച്ചത്. ഏപ്രിൽ ഒന്ന് മുതൽ തീയതി രേഖപ്പെടുത്താത്ത മുട്ടകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് സർക്കാർ നിദേശം നൽകിയിട്ടുണ്ട്.