ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് - ഇസ്രയേൽ വ്യോമാക്രമണം; ചോർച്ചയില്ലെന്ന് അധികൃതർ

Saturday 21 March 2026 4:12 PM IST

ടെഹ്‌റാൻ: ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിന്മേൽ യുഎസ് - ഇസ്രയേൽ സഖ്യം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇറാനിയൻ മാദ്ധ്യമങ്ങൾ. ഇന്നുരാവിലെയുണ്ടായ ആക്രമണത്തിൽ എന്നാൽ ആണവചോർച്ചയുണ്ടായിട്ടില്ലെന്നാണ് മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്.

ഇസ്രയേലുമായുള്ള യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസ് ആക്രമിക്കപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു. എന്നാൽ ആക്രമണത്തിൽ വികിരണ ചോർച്ചയുണ്ടായിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം വ്യക്തമാക്കിയത്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ (135 മൈൽ) തെക്കുകിഴക്കായി ആണ് നതാൻസ് സ്ഥിതി ചെയ്യുന്നത്. 2025 ജൂണിൽ ഇറാനും ഇസ്രായേലും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിലും വ്യോമാക്രമണത്തിന് ഇരയായിരുന്നു.

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ് സൂചന നൽകിയതിന് പിന്നാലെയാണ് ഇറാനിലെ ആണവ കേന്ദ്രത്തിൽ ആക്രമണമുണ്ടായത്. 'പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ' എന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇറാനിലെ ഭീകരവാദ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാൻ പോവുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടത്.

'ഇറാന്റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതില്‍ അമേരിക്ക വിജയിച്ചു. ഇറാന്റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തു, ഇറാന്റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി'- എന്നിങ്ങനെയായിരുന്നു ട്രംപ് അവകാശപ്പെട്ടത്. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനുള്ള സാദ്ധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. ഹോർമൂസ് കടലിടുക്കിനെ സംരക്ഷിക്കേണ്ടത് അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളാണെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.