ആദ്യ ചിത്രത്തിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും,​ പ്രിയദർശൻ- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു

Saturday 21 March 2026 8:30 PM IST

പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയുടെ പ്രഖ്യാപനം നടന്നു. പ്രിയദർശൻ മുൻ പ് വെളിപ്പെടുത്തിയതു പോലെ മോഹൻലാലാണ് ചിത്രത്തിലെ നായകൻ,​ മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചുള്ള വീഡിയോയിലായിരുന്നു പ്രഖ്യാപനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആശീർവാദിന്റെ 38ാമത്തെ ചിത്രം കൂടിയാണിത്. ബിനു ജോർജ് അലക്സാണ്ടറാണ് സഹനിർമ്മാതാവ്.

'നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടുകൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്', ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ പറഞ്ഞു.