തുളുനാട്ടുമണ്ണിലും അങ്കച്ചൂട് അഞ്ചിടത്തും ചിത്രം തെളിഞ്ഞു
കാസർകോട് അവസാനനിമിഷം ഷാനവാസ് പാദൂരിന്റെ 'മാസ് എൻട്രി'
കാസർകോട്: പടലപ്പിണക്കങ്ങളും അനിശ്ചിതത്വങ്ങളും മാറി മൂന്ന് മുന്നണികളും കളത്തിൽ നിറഞ്ഞതോടെ കാസർകോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് അങ്കത്തിന് ചൂടേറി. പ്രധാന സ്ഥാനാർത്ഥികളെല്ലാം പത്രികാ സമർപ്പണം പൂർത്തിയാക്കി റോഡ് ഷോയുമായി ഇറങ്ങി. നാളുകളായുള്ള കാത്തിരിപ്പിന് ശേഷം കാസർകോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഷാനവാസ് പാദൂരിനെ എൽ.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ചതാണ് ഇന്നലത്തെ ഹൈലൈറ്റ്.
മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ ചിത്രവും പൂർണ്ണമായി. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നാല് ദിവസം വൈകിയതിനാൽ നേരത്തെ കളത്തിൽ ഇറങ്ങിയ എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് മുന്നേറിയിട്ടുണ്ട്. ആദ്യറൗണ്ടിലെ പ്രചാരണത്തിൽ എൽ.ഡി.എഫ് തന്നെയാണ് ഏറെ മുന്നിലെത്തിയത്. വ്യക്തമായ പദ്ധതികൾ തയ്യാറാക്കി ബൂത്ത് തലങ്ങളിലും ലോക്കൽ തലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കാനും പ്രത്യേകം ചുമതലകൾ നൽകി പ്രചാരണം കൊഴുപ്പിക്കാനും മുന്നണിക്കായി. മഞ്ചേശ്വരത്ത് കെ.ആർ.ജയാനന്ദയും ഉദുമയിൽ സി.എച്ച്.കുഞ്ഞമ്പുവും കാഞ്ഞങ്ങാട് ഗോവിന്ദൻ പള്ളിക്കാപ്പിലും തൃക്കരിപ്പൂരിൽ ഡോ.വി.പി.പി മുസ്തഫയും മണ്ഡലങ്ങളിൽ സജീവമാണ്.
കളം പിടിച്ച് കെ.സുരേന്ദ്രൻ
മഞ്ചേശ്വരം മണ്ഡലം നാലാമങ്കത്തിൽ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസവുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രചാരണം. ദേശീയനേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് മണ്ഡലത്തിൽ സുരേന്ദ്രൻ സജീവമായിരുന്നു. ചിട്ടയായ പ്രചാരണത്തിനായുള്ള ഒരുക്കങ്ങളും എൻ.ഡി.എ മഞ്ചേശ്വരത്ത് പൂർത്തിയാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി പ്രവർത്തകരുടെ യോഗങ്ങൾ വിളിച്ചുചേർത്ത് വോട്ടർമാരെ കാണുന്നതിന് നിയോഗിച്ചും പ്രത്യേകം ചുമതലക്കാരെ നിശ്ചയിച്ചുമാണ് സുരേന്ദ്രന്റെ പ്രചാരണം.
കാസർകോട് എം.എൽ അശ്വിനിയും ഉദുമയിൽ മനുലാൽ മേലത്തും കാഞ്ഞങ്ങാട് എം.ബൽരാജ്, തൃക്കരിപ്പൂരിൽ ട്വന്റി ട്വന്റിയുടെ രവി കുളങ്ങരയും വോട്ടർമാരെ കാണുന്നതിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്.
ആത്മവിശ്വാസത്തോടെ യു.ഡി.എഫ്
പ്രഖ്യാപനത്തിൽ സമയമെടുത്തെങ്കിലും മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫും കാസർകോട് കല്ലട്ര മാഹിൻ ഹാജിയും ഉദുമയിൽ കെ.നീലകണ്ഠനും കാഞ്ഞങ്ങാട് ഷൈജി കോട്ടപ്പള്ളിയും തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരും ഗോദയിൽ ഇറങ്ങിയതോടെ യു.ഡി.എഫ് ക്യാമ്പും ആവേശത്തിലായിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ റോഡ് ഷോകൾ പുരോഗമിക്കുകയാണ്.ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.നീലകണ്ഠൻ പത്രിക സമർപ്പിച്ചതിന് ശേഷം ഇന്നലെ വൈകുന്നേരം വരെ റോഡ് ഷോയിൽ ആയിരുന്നു.