ഇസ്രയേലിൽ മലയാളിയുടെ മരണം; അന്വേഷണം വേണമെന്ന് ബന്ധുക്കൾ

Sunday 22 March 2026 1:06 AM IST

കല്ലമ്പലം : കല്ലമ്പലം സ്വദേശിയായ യുവാവ് ഇസ്രയേലിലെ ടെൽ അവീവിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലമ്പലം ചെമ്മരുതി , ഗുരുമുക്ക് എസ്എസ് ഭവനിൽ എസ് സുരേഷാണ്(42) 17ന് മരിച്ചതായി അവിടത്തെ സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചത്.

യുദ്ധ സാഹചര്യങ്ങൾ നിലനിൽക്കുന്ന ടെൽ അവീവിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതാകാമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത് . സുരേഷ് അവസാനമായി അയച്ച ശബ്ദ സന്ദേശത്തിൽ പുറത്ത് ബോംബിംഗ്

നടക്കുന്നുണ്ടെന്നും, സാധനങ്ങൾ വാങ്ങാൻ താൻ പുറത്തേക്ക് പോകുകയാണെന്നുമാണ് പറയുന്നത് . കഴിഞ്ഞ രണ്ട് വർഷമായി സുരേഷ് ഇസ്രയേലിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ ചിത്ര കുവൈറ്റിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വിസയിൽ ഇസ്രയേലിലേക്ക് പോയത്..സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നും ബന്ധുക്കൾ അറിയിച്ചു. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കൾ പരാതി നൽകിയതായി കല്ലമ്പലം പൊലീസ് അറിയിച്ചു.

ഫോട്ടോ : സുരേഷ്