കൃഷിയിലും മികവ് തെളിയിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

Sunday 22 March 2026 1:16 AM IST

അയ്യപ്പൻകോവിൽ റെയിഞ്ച് ഓഫീസിലെ വനപാലകർ വിളയിച്ചെടുത്ത പച്ചക്കറികൾ വിളവെടുപ്പ് നടത്തിയപ്പോൾ.

കട്ടപ്പന : വന പാലനം മാത്രമല്ല, കൃഷിയിലും മികവ് തെളിയിച്ച് അയ്യപ്പൻകോവിൽ റെയിഞ്ച് ഓഫീസിലെ വനപാലകർ. ഓഫീസ് പരിസരത്ത് ഉപയോഗ ശൂന്യമായി കിടന്ന പത്ത് സെന്റ് ഭൂമിയിൽ ജൈവ പച്ചക്കറികളുടെ വിളയിറക്കിയാണ് വനപാലകർ മാതൃക കാട്ടിയത്. കാഞ്ചിയാർ പള്ളിക്കവലയ്ക്ക് സമീപമുള്ള റെയിഞ്ച് ഓഫീസ് വളപ്പിലും ക്വാർട്ടേഴ്സ് പരിസരത്തുമാണ് വിഷരഹിത പച്ചക്കറികൾ വിളയുന്നത്.

ജനുവരി ആദ്യവാരം ഒരോ ജീവനക്കാരും ഒരോ തൈകൾ വീതം നട്ടുകൊണ്ടാണ് ഈ കൃഷിക്ക് തുടക്കമിട്ടത്. റെയിഞ്ച് ഓഫിസർ കെ.വി രതീഷ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ ആർ. ബിനോജ് എന്നിവരുടെ മേൽനോട്ടത്തിൽ ഓഫീസ് ജീവനക്കാരും ക്വാർട്ടേഴ്സിലെ കുടുംബാംഗങ്ങളും ഒത്തൊരുമിച്ചതോടെ രണ്ട് മാസത്തിനുള്ളിൽതന്നെ വിളവെടുപ്പ് സാദ്ധ്യമായി. വഴുതന, മുളക്, പാവൽ, തക്കാളി, അച്ചിങ്ങപ്പയർ, ബീൻസ് തുടങ്ങി നിത്യോപയോഗ പച്ചക്കറികളെല്ലാം ഇവിടെ സമൃദ്ധമായി വളരുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും വളപ്രയോഗം അടക്കമുള്ള പരിചരണങ്ങൾക്കായി ജീവനക്കാർ സമയം കണ്ടെത്തുന്നുണ്ട്. പാർട്ട് ടൈം സ്വീപ്പർ കെ.എൻ പ്രസാദാണ് കൃഷിയിടത്തിന്റെ ദൈനംദിന കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്. പച്ചക്കറികൾക്ക് പുറമെ, നൂറ്റമ്പതിലേറെ ഔഷധസസ്യങ്ങളുടെ വലിയൊരു ശേഖരംതന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. നീലയമരി, ശംഖുപുഷ്പം, വിവിധയിനം തുളസികൾ എന്നിവയെല്ലാം ഉദ്യോഗസ്ഥർ ഇവിടെ സംരക്ഷിച്ചുപോരുന്നു. സീനിയർ ക്ലാർക്ക് മുത്തുകുമാർ, ധന്യമോൾ, വാച്ചർമാരായ ദിവാകരൻ, തങ്കൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കവിത, ആര്യ, അഫ്സൽ, പ്രിയേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് ഈ പച്ചപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. കാഞ്ചിയാർ കൃഷിഭവന്റെ സഹകരണത്തോടെ കൃഷി കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ് ജീവനക്കാർ.