യുദ്ധത്തിൽ നിലപാട് മാറ്റിക്കളിച്ച് ട്രംപ്: തീരും,തീരില്ല ; അവസാനിപ്പിക്കില്ലെന്ന് ആദ്യം, പിന്നീട് തിരുത്തി
ടെഹ്റാൻ: ഇറാനെതിരെയുള്ള ആക്രമണം ലക്ഷ്യം കാണുംവരെ തുടരുമെന്ന് ഇന്നലെ വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുദ്ധം അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി വെളിപ്പെടുത്തി. യുദ്ധം ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതായും സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു.
ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്ന നിലപാടിലേക്ക് മാറുകയും ചെയ്തു. ഇറാനിയൻ നഗരങ്ങളിൽ യു.എസ്- ഇസ്രയേൽ ആക്രമണം തുടരുകയാണ്. നതാൻസ് ആണവ കേന്ദ്രം വീണ്ടും ആക്രമിച്ചു. റേഡിയേഷൻ ചോർച്ചയോ ആളപായമോ ഇല്ല.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഡീഗോ ഗാർഷ്യ ദ്വീപിലെ യു.എസ്- യു.കെ സൈനിക ബേസിലേക്ക് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഞെട്ടിച്ചു. ഒന്ന് ലക്ഷ്യം കണ്ടില്ല. മറ്റൊന്നിനെ യു.എസ് യുദ്ധക്കപ്പൽ തകർത്തു.
2,500 കിലോമീറ്റർ വരെ പ്രഹര പരിധിയുള്ള മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നാണ് കരുതിയിരുന്നത്. ഡീഗോ ഗാർഷ്യ ഇറാനിൽ നിന്ന് ഏകദേശം 3,800 കിലോമീറ്റർ അകലെയാണെന്നത് ശ്രദ്ധേയം.
# യു.എസ് യുദ്ധ ലക്ഷ്യം
1. ഇറാന്റെ മിസൈൽ ശേഷി, പ്രതിരോധ വ്യാവസായം, നാവിക- വ്യോമ സേനകൾ, ആണവ ശേഷി എന്നിവ ഇല്ലാതാക്കണം
2. മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കണം
# പറയുന്നത് ഒന്ന്,
ചെയ്യുന്നത് മറ്റൊന്ന് !
#യുദ്ധം അവസാനിക്കുന്നുവെന്ന് സൂചന നൽകിയ ട്രംപ് പക്ഷേ, പടനീക്കം തുടരുകയാണ്. 2,200 മറീൻ സൈനികരുമായി യു.എസിന്റെ ട്രിപ്പോളി പടക്കപ്പൽ ഉടൻ മിഡിൽ ഈസ്റ്റിലെത്തും. 2,500ൽ അധികം മറീനുകളുമായി മൂന്ന് യുദ്ധക്കപ്പലുകൾ കാലിഫോർണിയയിൽ നിന്ന് പുറപ്പെട്ടു
പേർഷ്യൻ ഉൾക്കടലിലുള്ള ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ, ഉപരോധം ഏർപ്പെടുത്താനോ സാദ്ധ്യത.
ഹോർമുസ് തുറന്നിടണം: മോദി
ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു
ന്യൂഡൽഹി: എൽ.പി.ജി ക്ഷാമം അടക്കം പ്രതിസന്ധി ഉടലെടുത്തതിനു പിന്നാലെ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ബന്ധപ്പെട്ടു. എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറന്നു തന്നെ കിടക്കണമെന്ന് ആവശ്യപ്പെട്ടു. കപ്പൽ ഗതാഗതം സുഗമവും സുരക്ഷിതവുമാക്കണം. മേഖലയിലെ എണ്ണ ഫാക്‌ടറികൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു.