തിരഞ്ഞെടുപ്പ് നിർദേശം: കർശന നിരീക്ഷണം, കനത്ത ജാഗ്രത
ആലപ്പുഴ: സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലതല തിരഞ്ഞെടുപ്പ് നിരീക്ഷകർ നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. രാവിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ കെ.ഇമ്പശേഖറിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. ഉദ്യോഗസ്ഥർ ചട്ടങ്ങൾ അനുസരിച്ച് ക്രമീകരണങ്ങൾ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് സംബന്ധിച്ച് എന്ത് പരാതിയും നിരീക്ഷകരെ നേരിട്ട് അറിയിക്കാമെന്ന് പൊതുനിരീക്ഷകൻ പി. മോഹൻഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതു നിരീക്ഷകൻ പദുംസിങ് അൽമയും യോഗത്തിൽ സന്നിഹിതനായി. സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച രജിസ്റ്ററുകൾ കൃത്യമായി പാലിക്കപ്പെടണമെന്ന് ചെലവ് സംബന്ധിച്ച നിരീക്ഷകൻ പ്രശാന്ത് കുമാർ ഝാ പറഞ്ഞു.
സ്റ്റാറ്റിക് സർവൈലൻസ് ടീം പോയിന്റുകളിലെ സി.സി ടി.വി ക്യാമറകൾ മുടക്കം കൂടാതെ പ്രവർത്തിക്കുന്നതിന് നടപടിക്രമം ഉണ്ടാകണമെന്ന് നിരീക്ഷക യോഗീത ശർമ്മ നിർദ്ദേശിച്ചു. പണദുരുപയോഗവും അനധികൃത ഇടപാടുകളും സംശയാസ്പദമായ പ്രവർത്തനങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിരീക്ഷക മുന്നറിയിപ്പ് നൽകി.
അനധികൃത കടത്ത് തടയുന്നതിന് നടപടികൾ ശക്തമാക്കാൻ പൊലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികൾ 100 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിരീക്ഷണ സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.ജില്ലയിലെ 34 പൊലീസ് സ്റ്റേഷനുകളെ ഒൻപത് സബ് ഡിവിഷനുകളായി തിരിച്ച് ഡിവൈ.എസ്.പിമാർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും ക്രമസമാധാനം സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചിണ്ടെന്നും എം.പി.മോഹന ചന്ദ്രൻ പറഞ്ഞു.ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എൻ അനി തുടങ്ങിയവരും പങ്കെടുത്തു.