കേൾക്കുന്നതുപോലെ നിസാരമല്ല ബങ്കറുകൾ; ഉൾവശം ചെറിയ നഗരങ്ങൾക്ക് സമാനം, അണുബോംബുകൊണ്ടും തകർക്കാനാവില്ല

Sunday 22 March 2026 2:52 PM IST

യുദ്ധവാർത്തകൾ വരുമ്പോൾ പലപ്പോഴും കേൾക്കുന്ന വാക്കാണ് ബങ്കർ എന്നത്. ജനങ്ങൾക്കും ഭരണാധികാരികൾക്കും ബോംബുകളിൽ നിന്നും മിസൈലുകളിൽ നിന്നും രക്ഷനേടാനുള്ള സുരക്ഷിത ഇടമാണ് ബങ്കറുകൾ. സാധാരണ ബോംബുകൾക്കോ, മിസൈലുകൾക്കോ ബങ്കറുകളെ പ്രതിരോധിക്കാൻ കഴിയില്ല. മാരക പ്രഹരശേഷിയുള്ള ബോംബുകൾക്കോ മിസൈലുകൾക്കോ ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിയാത്ത ബങ്കറുകൾ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നോ അതിന് ഉപയോഗിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്നോ മിക്കവർക്കും അറിയില്ല. അക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.

വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരിക്കും ബങ്കറുകളുടെ നിർമാണം. യോജിച്ച സ്ഥലം കണ്ടെത്തുകയാണ് ബങ്കർ നിർമാണത്തിലെ ആദ്യ കടമ്പ. വെള്ളപ്പൊക്കത്തിന് തീരെ സാദ്ധ്യതയില്ലാത്തതും ഭൂർഗ ജലനിരപ്പ് കുറവായതുമായ സ്ഥലമാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. മണ്ണിന് നല്ല ഉറപ്പുമുണ്ടാവണം. സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ നിശ്ചിത ആഴത്തിൽ കുഴിയെടുക്കും. ഏറ്റവും കുറഞ്ഞത് മൂന്നടിയെങ്കിലും ആഴത്തിൽവേണം കുഴിയെടുക്കാൻ. ആണവ ആക്രമണമുണ്ടായാൽ റേഡിയേഷൻ തടയാനാണിത്. ചിലപ്പോൾ ഇതിലും കൂടുതൽ ആഴത്തിലും കുഴിയെടുക്കാറുണ്ട്. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ പരമരഹസ്യമായിട്ടായിരിക്കും കുഴിയെടുപ്പ്.

കുഴിയെടുപ്പ് കഴിഞ്ഞാൽപ്പിന്നെ നിർമാണം തുടങ്ങും. സ്റ്റീൽ, റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് എന്നിവയാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. കട്ടിയേറിയ മേൽക്കൂരയും ഭിത്തിയുമായിരിക്കും ബങ്കറുകൾക്ക്. ശക്തമായ സ്ഫോടനങ്ങൾ താങ്ങാൻവേണ്ടിയാണ് ഇങ്ങനെചെയ്യുന്നത്. നിർമാണം കഴിഞ്ഞാൽ അവിടെ ബങ്കർ ഉണ്ടെന്നുപോലും തോന്നിപ്പിക്കാതിരിക്കാനുള്ള മാർഗങ്ങളും ചെയ്തിട്ടുണ്ടാവും.

ഏറെ താഴ്ചയിലാണ് ബങ്കറുകൾ നിർമ്മിക്കുന്നത് എന്നതിനാൽ വായുസഞ്ചാരത്തിന് എയർ ഫിൽട്ടറേഷൻ സിസ്റ്റം, ജലവിതരണം, ഭക്ഷണ സംഭരണ സൗകര്യം, മെഡിക്കൽ കിറ്റ്, ജനറേറ്റർ പോലുള്ള ബദൽ ഊർജ സ്രോതസ് എന്നിവ നിർബന്ധമായും ഉണ്ടാവും. അടിയന്തര സാഹചര്യമുണ്ടായാൽ പെട്ടെന്ന് ഉള്ളിലേക്ക് കയറാനും പുറത്തിറങ്ങാനും കഴിയുന്ന രീതിയിലുള്ള വാതിലുകളായിരിക്കും ബങ്കറുകൾക്ക്. പലയിടങ്ങളിലും ഒന്നിലധികം ബങ്കറുകൾ തമ്മിൽ ബന്ധിപ്പിച്ച് തുരങ്കങ്ങളും കാണും. ആക്രമണത്തിൽ ഒരു ബങ്കറിന് കേടുപാടുകളുണ്ടായാൽ മറ്റൊരു ബങ്കറിലേക്ക് എളുപ്പത്തിൽ രക്ഷപ്പെടുന്നതിനുവേണ്ടിയാണിത്. ചില ബങ്കറുകളിൽ അത്യന്താധുനിക സൗകര്യങ്ങളും ഉണ്ടാവും.

ബങ്കറുകൾ സുരക്ഷിതമാണെന്ന് പൊതുവെ കരുതാറുണ്ടെങ്കിലും ആധുനിക കാലത്ത് അത്ര സുരക്ഷിതമല്ലെന്നതാണ് സത്യം. ബങ്കർ ബസ്റ്റർ ബോംബുകളുടെ രംഗപ്രവേശത്തോടെയാണ് ഈ അവസ്ഥ വന്നത്. ഉപരിതലത്തിൽ പൊട്ടിത്തെറിക്കുന്ന സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, മണ്ണും പാറയും കോൺക്രീറ്റും തുളച്ചുകയറി ഭൂമിക്കടിയിലെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ള ബോംബുകളാണ് ഇവ. രണ്ടായിരം കിലോയ്ക്ക് മുകളിൽ ഭാരമാണ് ഈ ബോംബുകൾക്കുള്ളത്. ജിപിഎസ് അധിഷ്ഠിത സംവിധാനമാണ് ഉപയോഗിക്കുന്നതെന്നതിനാൽ ലക്ഷ്യം അണുവിട തെറ്റില്ല. ഏത് മോശം കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഇവയ്ക്ക് സാധിക്കും. അത്യാധുനികമായ 'ഫ്യൂസ്' സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. അതായത്, ഭൂമിക്കടിയിലേക്ക് നിശ്ചിത ആഴത്തിൽ എത്തിയ ശേഷം മാത്രമേ ഇത് പൊട്ടിത്തെറിക്കൂ.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക 'ജിബിയു-72 ബങ്കർ ബസ്റ്റർ' ബോംബുകളാണ് ഉപയോഗിക്കുന്നത്. ഭൂമിക്കടിയിലെ സുരക്ഷിത ബങ്കറുകളിൽ സൂക്ഷിച്ചിട്ടുള്ള ഇറാന്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നത്. ആയുധങ്ങൾ നശിപ്പിക്കാൻ മാത്രമല്ല ഇറാന്റെ ഭരണ നേതൃത്വത്തിലുള്ള ഉന്നതരെ വകവരുത്താനും അമേരിക്കയും ഇസ്രയേലും ബങ്കർ ബസ്റ്റർ ഉപയോഗിച്ചു എന്നാണ് റിപ്പോർട്ട്.