'നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ'; ആവേശത്തോടെ 'ഇങ്ക് ഇറ്റ് കണ്ണൂർ'

Monday 23 March 2026 12:13 PM IST
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സ്വീപ് ക്യാമ്പയിനായ ‘ഇങ്ക് ഇറ്റ് കണ്ണൂരി’ന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടി

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സ്വീപ് ക്യാമ്പയിനായ 'ഇങ്ക് ഇറ്റ് കണ്ണൂരി'ന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. 'നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെയും സ്ത്രീകളെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പയ്യാമ്പലം ബീച്ചിൽ പരിപാടി സംഘടിപ്പിച്ചത്.

ആർ.ജെ ജിത്തു ചോദ്യോത്തരങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവബോധം വർദ്ധിപ്പിച്ചു. സ്വീപ് ലോഗോയുടെ മണൽ ശിൽപ്പവും സ്വീപ് ലോഗോ ജിഗ്‌സോ പസിലും ഒരുക്കി. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി എൻ.എസ്.എസ് വൊളണ്ടിയർമാർ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ഇങ്ക് വാൾ റൈറ്റിംഗ് ഉൾപ്പെടെയുള്ള സെൽഫി പോയിന്റുകളും സജ്ജീകരിച്ചിരുന്നു.

തിരഞ്ഞെടുപ്പിൽ ജില്ലയിലെത്തിയ കേന്ദ്ര നിരീക്ഷകർ ദീപശിഖ തെളിയിച്ചു. തുടർന്ന് ആദ്യ വോട്ടർ ദീപശിഖ ഏറ്റുവാങ്ങി. ശേഷം സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവർക്ക് ദീപശിഖ കൈമാറി.

കേന്ദ്ര നിരീക്ഷകരായ മുഹമ്മദ് സുഹൈൽ, ബസന്ത് കുറെ, നിർമൽ രാജ്, ഡി. ബൃന്ദ, അഭിഷേക് ഗോയൽ, പരംജ്യോതി, ടി. സ്വപ്ന, ബൽക്കർ സിംഗ്, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫസിർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. എൻ. സിബി തുടങ്ങിയവർ പങ്കെടുത്തു.