എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ, ഇടതുപാർട്ടികളിൽ നിന്ന് 257പേർ ബി.ജെ.പിയിലേക്കെന്ന് ശ്രീധരൻപിള്ള

Tuesday 22 October 2019 12:07 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ വിജയത്തെ സ്‌തുതിച്ചതിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ മുൻ കണ്ണൂർ എം.പി എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ബി.ജെ.പി വോട്ടുകൾ കുറഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപാർട്ടികളിൽ നിന്ന് 257 പേർ ബി.ജെ.പിയിൽ ചേരുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്സിറ്റ്പോളുകളെ പാർട്ടി തള്ളിക്കളയുന്നെന്നും ബി.ജെ.പിയുടെ വീര്യം കെടുത്താനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ നിന്നും ശുഭകരമായ റിപ്പോർട്ടാണ് തങ്ങർക്ക് ലഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ പറയാമെന്നും ശ്രീധരൻപിള്ള പറഞ്ഞു.