4000 വേണ്ടയിടത്ത് 439 സിലിണ്ടർ, പുകഞ്ഞ് ഹോട്ടൽ മേഖല
തൃശൂർ: പാചകവാതക ക്ഷാമം മൂലം ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. പൊതുവിതരണ ശൃംഖലയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ നിത്യോപയോഗത്തിന്റെ 20 ശതമാനം പാചക വാതകം അനുവദിക്കാമെന്ന് ധാരണയായെങ്കിലും ഇത് മതിയാകുന്നില്ലെന്ന് ഹോട്ടലുടമകൾ. 20 ശതമാനം പാചക വാതകം അനുവദിച്ചാൽ അഞ്ചിലൊന്ന് നേരം മാത്രമേ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനാകൂ. നിത്യേന 3 മുതൽ 12 വരെ സിലിണ്ടറുകൾ ഉപയോഗിച്ചാണ് ഓരോ ഹോട്ടലുകളും പ്രവർത്തിക്കുന്നത്. ഇത് 20 ശതമാനമായി വെട്ടിക്കുറച്ചാൽ ഹോട്ടലുകളുടെ പ്രവർത്തന സമയവും മെനുവും ഒരുപോലെ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ഹോട്ടലുടമകളുടെ പക്ഷം. പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ നിത്യേന ജില്ലയിൽ 439 വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നാണ് അധികൃതരുടെ ഉറപ്പ്. എന്നാൽ ഓരോ താലൂക്കിനും വെറും 66 സിലിണ്ടറുകൾ മാത്രമേ ലഭിക്കൂ. ജില്ലയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് മാത്രം 2000 ലേറെ അംഗങ്ങളുണ്ട്. ചെറുതും വലുതുമായ 3000 ഓളം ഹോട്ടലുകൾ ജില്ലയിലുണ്ടെന്നാണ് വിവരം. നിത്യേന 4000 ഓളം സിലിണ്ടറുകൾ വിതരണം ചെയ്യുന്നിടത്ത് 439 എണ്ണം കൊണ്ട് എന്ത് ചെയ്യാനാകുമെന്നാണ് ഹോട്ടലുകാരുടെ ചോദ്യം. 20 ശതമാനം എന്നത് 40 ശതമാനമാക്കി ഉയർത്താമെന്ന കേന്ദ്രസർക്കാർ വാഗ്ദാനത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഹോട്ടലുടമകൾ.
തിരക്കൊഴിയാതെ നഗരം ഇന്നലെ ഞായറാഴ്ചയായിട്ടും തൃശൂർ നഗരത്തിലും സ്വരാജ് റൗണ്ടിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ പ്രചാരണത്തിനും ജാഥകൾക്കും മറ്റുമായി നിരവധിപേർ നിരത്തുലുണ്ട്. മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും ഹോട്ടലുകളില്ലാത്തത് ബാധിക്കുന്നുണ്ട്. ദൂരെ ദേശങ്ങളിൽ നിന്നുപോലും വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എത്തുന്നവർ പാചക വാതക ക്ഷാമം മൂലം പൂട്ടിയെന്ന ബോർഡ് വച്ച് ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്നത് കണ്ട് വലയുകയാണ്.
പിടിച്ചുനിറുത്താൻ പാതികൂലി
ഹോട്ടലുകൾ അടച്ചതോടെ ഭക്ഷണവും പാതികൂലിയും നൽകാമെന്ന ഉറപ്പിലാണ് തൊഴിലാളികളെ പിടിച്ചുനിറുത്തിയിരിക്കുന്നതെന്ന് ഉടമകൾ. കുക്ക് ഉൾപ്പെടെയുള്ള ജീവനക്കാർ പോയാൽ വിഭവങ്ങൾക്ക് രുചിവ്യത്യാസം വരുമെന്നത് ഹോട്ടലുകളെ ബാധിച്ചേക്കും. ബംഗാൾ, അസം സ്വദേശികളായ ജീവനക്കാർ തിരഞ്ഞെടുപ്പിനായി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഹോട്ടലുകൾ സാധാരണ നിലയിലായാൽ ഇവർ മടങ്ങിയെത്തുമോയെന്ന ആശങ്കയിലുമാണ് ഉടമകൾ.
ഒന്നിനും തികയാതെ സിലിണ്ടറുകൾ
ഉദ്യോഗസ്ഥരുടെ വാഗ്ദാനം(സിലിണ്ടറുകൾ) -439 ആകെ ഹോട്ടലുകൾ(ഏകദേശം)-3,000 അസോസിയേഷൻ അംഗങ്ങൾ-2,000 പ്രതിദിന ആവശ്യകത (സിലിണ്ടറുകൾ) - 4,000 ഒരു താലൂക്കിൽ ലഭിക്കുന്നത് - 66 ഒരു ഹോട്ടലിന്റെ ശരാശരി ഉപയോഗം3 -12 സിലിണ്ടറുകൾ
20 ശതമാനം ഗ്യാസ് കിട്ടിയാൽ പൂർണ്ണമായി പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. മിക്ക ഹോട്ടലുകളും തുറക്കാത്തത് പര്യാപ്തമായ ഗ്യാസ് ലഭിക്കാത്തതിനാലാണ്. തുറന്നാൽ വീണ്ടും അടയ്‌ക്കേണ്ടി വരും. സുകുമാർ ജില്ലാ സെക്രട്ടറി, കെ.എച്ച്.ആർ.എ ഉടമ, ജയ ഹോട്ടൽ