വാതകച്ചോർച്ച പരിഹരിച്ചു, കുടുംബങ്ങൾ വീട്ടിലേക്ക്

Monday 23 March 2026 12:21 AM IST

പെട്രോളിയം കമ്പനി ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തില്‍ നാട്ടുകാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ നെന്മണിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ സുരേഷ് വിശദീകരിക്കുന്നു

പുതുക്കാട്: കൊച്ചി-സേലം എൽ.പി.ജി പൈപ്പ്‌ലൈനിലെ വാതകച്ചോർച്ചയെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട 20 കുടുംബങ്ങൾ അഞ്ച് ദിവസത്തിന് ശേഷം വീടുകളിലേക്ക് മടങ്ങി. ഭാരത് പെട്രോളിയം കമ്പനി മണ്ണ് പരിശോധനയ്ക്ക് ഡ്രില്ലിംഗ് നടത്തുന്നതിനിടെയാണ് പൈപ്പിൽ ഡ്രിൽ തുളച്ചുകയറി ഗ്യാസ് ചോർന്നത്. പ്രവൃത്തികൾ പൂർത്തിയായതോടെയാണ് കമ്പനി അധികൃതർ കുടുംബങ്ങളോട് വീടുകളിലേക്ക് മടങ്ങാമെന്ന് അറിയിച്ചത്. നാട്ടുകാർക്കുണ്ടായ നഷ്ടം നികത്തുന്നതിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. മണലി - മടവാക്കര റോഡിനോട് ചേർന്ന് ബുധനാഴ്ച രാവിലെ പത്തോടെയാണ് ഗ്യാസ് ചോർന്നത്. പരിസരത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.

പ്രതിഷേധവും

അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പെട്രോളിയം കമ്പനി അധികൃതർ ജനങ്ങളെ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. തു ർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കളക്ടറെ നേരിൽക്കണ്ട് പരാതി അറിയിച്ചതോടെയാണ് അധികൃതർ നടപടികൾ വേഗത്തിലാക്കിയത്. ഗ്യാസ് പൈപ്പ് ലൈൻ ഓപ്പറേഷൻ ഹെഡ് ജെ. ലിനീഷ് , എച്ച്.ആർ.ആൻഡ് ലീഗൽ ഹെഡ്‌ ഹെഡ് സെൽവൻ, ബി.പി.സി.എൽ ഓപ്പറേഷൻ മാനേജർ ഐ.വിനീത് എന്നിവരാണ് നാട്ടുകാരെ കാണാൻ എത്തിയത്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻ് വി.ടി. വിജയലക്ഷ്മി,വൈസ് പ്രസിഡന്റ് കെ.എ.സുരേഷ് , അംഗം ശ്രീനാഥ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വൈദ്യുതി ബന്ധവും വൈകിട്ടോടെ പുനഃസ്ഥാപിച്ചു.

സുരക്ഷ ഒരുക്കി ഫയർഫോഴ്‌സ്

മരത്താക്കരയിലെ വാൽവ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പൈപ്പിലെ ഗ്യാസ് ഉദയംപേരൂരിലെ പ്ലാന്റിലേക്ക് മാറ്റി സുരക്ഷിതമാക്കിയ ശേഷമാണ് വീട്ടുകാർക്ക് മടങ്ങാൻ അനുമതി നൽകിയത്. ഫയർഫോഴ്‌സ് യൂണിറ്റുകൾ രാപകൽ വെള്ളം പമ്പ് ചെയ്താണ് ചോർച്ചയുടെ തീവ്രത കുറച്ചത്.

ക്ഷണിച്ചു വരുത്തിയ ദുരന്തം

1. സാങ്കേതിക വിദഗ്ധരുടെ അഭാവത്തിൽ പ്രവൃത്തികൾ നടത്തിയത്. 2. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലെ പരിചയക്കുറവ്. 3. ഉന്നത ഉദ്യോഗസ്ഥർക്ക് പോലും പ്രശ്‌നപരിഹാരത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയാതിരുന്നത്.