മണലൂരിൽ പൊടിപാറും പോരാട്ടം

Monday 23 March 2026 12:27 AM IST

തൃശൂർ : ആദ്യ വിദ്യാഭ്യാസ മന്ത്രി വിജയിച്ച മണ്ഡലം, കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിൽ ഒന്ന്, ഇരുപത് വർഷത്തിനിടെ ഇടതിനെ മൂന്നുതവണ ജയിപ്പിച്ച മണ്ഡലം അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് മണലൂരിന്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആര് മണലൂരിന്റെ മനസ്സ് കീഴടക്കുമെന്ന ആകാംക്ഷയിലാണ് വോട്ടർമാർ.പുലർച്ചെ മുതൽ അർദ്ധരാത്രി വരെ നീളുന്ന സജീവ പ്രചാരണ പരിപാടികളുമായി സ്ഥാനാർത്ഥികൾ കളം നിറഞ്ഞു. മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും മുൻ എം.പി ടി.എൻ.പ്രതാപനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാറുമാണ് മണലൂരിൽനിന്ന് ജനവിധി തേടുന്നത്. 30 ശതമാനത്തിലേറെ വരുന്ന ന്യൂനപക്ഷ വോട്ടുകളിലാണ് ഇടത്-വലത് മുന്നണികൾ കണ്ണുവെക്കുന്നത്. കഴിഞ്ഞ തവണ മുപ്പതിനായിരത്തോളം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ മുരളി പെരുനെല്ലിയിലൂടെ എൽ.ഡി.എഫ് വിജയിച്ച മണ്ഡലമാണിത്. എന്നാൽ അന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടലപിണക്കങ്ങളുണ്ടായിരുന്നു. ഇത്തവണ പ്രതാപൻ വന്നതോടെ യു.ഡി.എഫിൽ രൂപപ്പെട്ട ഐക്യം അവരിൽ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ഇത്തവണ മൂന്നു സ്ഥാനാർത്ഥികളും മണ്ഡലത്തിൽ നിന്ന് പുറത്തുള്ളവരാണ് എന്നതും നിർണായകമാണ്.

പ്രൊഫ. സി. രവീന്ദ്രനാഥ് : മുൻ മന്ത്രിയെന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയും 'ക്ലീൻ ഇമേജും' ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് അവർ.

ടി. എൻ. പ്രതാപൻ : മുൻ എം.പി എന്ന നിലയിലുള്ള സ്വാധീനവും നിലവിൽ കോൺഗ്രസിനുള്ളിലെ ഐക്യവുമാണ് യു.ഡി.എഫിന്റെ കരുത്ത്. കഴിഞ്ഞ തവണ പാർട്ടിയിലുണ്ടായിരുന്ന പടലപ്പിണക്കങ്ങൾ ഇത്തവണ ഇല്ല എന്നത് അവർക്ക് വലിയ പ്രതീക്ഷ നൽകുന്നു.

അഡ്വ. കെ. കെ. അനീഷ് കുമാർ : ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ അനീഷ് കുമാറിന് മണ്ഡലം സുപരിചിതമാണ്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയ ചരിത്രവിജയത്തിന്റെ ഊർജ്ജത്തിലാണ് എൻ.ഡി.എ ക്യാമ്പ്.

പ്രചാരണം ചൂടുപിടിക്കുന്നു

ഉത്സവങ്ങൾ, മരണ വീടുകൾ, വിവാഹങ്ങൾ, ഊട്ടുതിരുനാൾ ഒന്നും സ്ഥാനാർത്ഥികൾ കൈവിടുന്നില്ല. ഇന്നലെ ടി.എൻ.പ്രതാപൻ മനക്കൊടി പള്ളി ഊട്ടുതിരുന്നാൾ ,കൈപ്പിള്ളി കളരി ക്ഷേത്രത്തിലെ മീനഭരണി ആഘോഷം എന്നിവയിലടക്കം പങ്കെടുത്തു. ഇന്ന് പാവറട്ടിയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും. വൈകീട്ട് 3ന് വെങ്കിടങ്ങ് എംപീസ് ഓഡിറ്റോറിയത്തിൽ വി.എം. സുധീരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്നലെ ആഘോഷങ്ങളിലും വൈകിട്ട് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. പുത്തലത്ത് ദിനേശനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.കെ.അനീഷ് കുമാർ ഇന്നലെ രാവിലെ മുതൽ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് വോട്ടർമാരെ കണ്ടു. 2021 ലെ വോട്ടിംഗ് നില

മുരളി പെരുനെല്ലി ( എൽ.ഡി.എഫ്)-78337 വിജയ് ഹരി (യു.ഡി.എഫ്) - 48461 എ.എൻ.രാധാകൃഷ്ണൻ(എൻ.ഡി.എ)- 36566 ഭൂരിപക്ഷം : 29876

2026 മണലൂരിലെ വോട്ടർമാരുടെ എണ്ണം സ്ത്രീകൾ - 108152 പുരുഷൻമാർ- 113029 ട്രാൻസ്‌ജെൻഡർ - 1 ആകെ -221182

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം