ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: യുവാവിന് 80 ലക്ഷം നഷ്ടമായി

Monday 23 March 2026 12:49 AM IST

തട്ടിയതിൽ വസ്തു വിറ്റു കിട്ടിയ 40 ലക്ഷവും

കൊച്ചി: സൈബർതട്ടിപ്പ് സംഘത്തിന്റെ കെണിയിലകപ്പെട്ട യുവാവിന് കിടപ്പാടം വിറ്റവകയിൽ ലഭിച്ച 40 ലക്ഷം രൂപയുൾപ്പെടെ 80 ലക്ഷം രൂപ നഷ്ടപ്പെട്ടു. 20 അക്കൗണ്ടുകളിലൂടെ കൈമാറിയ തുകയിൽ 20 ലക്ഷം രൂപ വീണ്ടെടുത്ത കൊച്ചി സൈബർ പൊലീസ് യുവതിയുൾപ്പെട്ട തട്ടിപ്പ് സംഘത്തിനായി അന്വേഷണം തുടരുന്നു.

എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിയായ 36കാരനാണ് തട്ടിപ്പിന് ഇരയായത്. വിദേശ കമ്പനിയുടെ കൊച്ചിയിലെ ബ്രാഞ്ച് മാനേജരായ യുവാവിനെ വാട്സാപ്പ് ചാറ്റിലൂടെയാണ് സംഘം വലയിൽ വീഴ്‌ത്തിയത്. ഓൺലൈൻ ട്രേഡിംഗിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്തപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. വാട്സാപ്പിൽ അയച്ചു കൊടുത്ത ലിങ്ക് വഴി പിൻവെസ്റ്റ് എന്ന ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ അംഗമായി. ആദ്യതവണ 40,000 രൂപ ലാഭ വിഹിതം ലഭിച്ചതോടെ ഇടപാടിൽ വിശ്വാസമായി.

തുട‌ർന്നാണ് തൃശൂരിലെ സ്വത്ത് വിറ്റ് 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ചത്. കുടുംബം പോലും അറിയാതെയായിരുന്നു ഇത്. ജനുവരി 26 മുതലാണ് പണം കൈമാറിയത്. ലാഭവിഹിതവും മുടക്കുമുതലും തിരിച്ചു കിട്ടാതായതോടെ കൊച്ചി സൈബർപൊലീസിൽ പരാതിപ്പെട്ടു. പൊലീസിന്റെ നീക്കത്തിലാണ് ബാങ്ക് അക്കൗണ്ടിലെ 20 ലക്ഷം രൂപ മരവിപ്പിച്ചത്. ഈ തുക യുവാവിന് കൈമാറാൻ കടമ്പകൾ ഇനിയുമുണ്ട്.

ഇടപാടിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ടുകളല്ലെന്ന് തിരിച്ചറിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. കീർത്തന, സുദർശൻ രവികുമാർ, ദിനകർ എന്നിവരെ കേസിൽ പ്രതി ചേർത്തു. ഈ പേരുകൾ വ്യാജമാണെന്ന് സംശയിക്കുന്നു.