പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൂട്ടിയിട്ട് വൃദ്ധ
ചിറയിൻകീഴ്: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ മുറിയിൽ പൂട്ടിയശേഷം വൃദ്ധ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. നെടുങ്കണ്ട ഒന്നാംപാലം കൊച്ചുതിട്ടയ്ക്കഴികം വീട്ടിൽ അനസ് (37) ആണ് പിടിയിലായത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം ഇക്കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മതിൽ ചാടിക്കടന്ന് വീടിന്റെ പരിസരത്തെത്തിയ അനസ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വൃദ്ധയെ പിടിച്ചു വലിച്ചു മുറിക്കകത്ത് കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ പണവും ആഭരണങ്ങളും തട്ടിയെടുക്കാനും ശ്രമിച്ചു. പീഡനശ്രമത്തിനിടെ മദ്യലഹരിയിലായിരുന്ന യുവാവ് മയങ്ങിപ്പോയി. ഇതിനിടയിലാണ് വീട്ടമ്മ യുവാവിനെ മുറിക്കകത്ത് പൂട്ടിയശേഷം പുറത്തിറങ്ങി വിവരം മറ്റുള്ളവരെ അറിയിച്ചത്. വൃദ്ധയുടെ ഭർത്താവും മക്കളുമൊക്കെ ഗൾഫിലാണ്. ശാർക്കര ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിരക്കായതിനാൽ ചിറയിൻകീഴ് പരിസരമാകെ വൻ തിരക്കായിരുന്നു. നിരവധി കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വർക്കല ക്ലിഫിന് സമീപത്തുവെച്ച് റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിലും പ്രതിയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പൊലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയെ ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ്: അറസ്റ്റിലായ അനസ്