'ഹോർമുസിൽ ഇന്ത്യ നേരിടുന്നത് അപ്രതീക്ഷിത വെല്ലുവിളി; സൃഷ്‌ടിക്കുന്നത് ആശങ്കാജനകമായ സാഹചര്യം'

Monday 23 March 2026 3:53 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകസാമ്പത്തികമേഖലയ്‌ക്ക് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ അസംസ്കൃത എണ്ണയും വാതകവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ അവിടങ്ങളിലെ ആക്രമണം ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പതിമൂന്ന് മന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിന്റെ ഭാഗമായി പാർലമെന്റിൽ നടത്തിയ പ്രസ്‌താവനയിലാണ് നരേന്ദ്രമോദി ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഒരു കോടിയിലേറെ ഇന്ത്യക്കാർ സംഘർഷ മേഖലയിലുണ്ട്. ഇതിൽ മൂന്ന് ലക്ഷത്തോളംപേർ തിരികെ വന്നു. ഏതാനും ഇന്ത്യക്കാർക്ക് ജീവൻ നഷ്‌ടമായി. അപ്രതീക്ഷിത വെല്ലുവിളിയാണ് ഇന്ത്യ നേരിട്ടത്. പശ്ചിമേഷ്യയിലെ വിവിധ രാഷ്‌ട്രത്തലവൻമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ആ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിനോദസഞ്ചാരികൾക്കും സഹായം എത്തിച്ചുകൊണ്ടിരുന്നു. സംഘർഷ സാഹചര്യത്തിൽ സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന'- പ്രധാനമന്ത്രി പറഞ്ഞു.

സംഘർഷത്തിനുമുൻപ് പ്രതിദിനം 1.34 ദശലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്‌തിരുന്ന ഹോർമുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കം നിലവിൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഊർജവിതരണം തടസപ്പെടാതിരിക്കാനായി സർക്കാർ‌ പരമാവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

'സംഘർഷസാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാണ്. 60 ശതമാനം പെട്രോളിയവും ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ക്ഷാമം കാരണം രാജ്യത്ത് ഗാർഹികാവശ്യത്തിന് മാത്രമാണ് സിലിണ്ടറുകൾ നൽകുന്നത്. ഇന്ത്യയിലെ എൽപിജി ഉൽപാദനവും വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പെട്രോളിയം റിസർവും ഉണ്ട്. മറ്റ് രാജ്യങ്ങളിലെ എണ്ണ ഉത്‌പാദകരുമായും ബന്ധപ്പെടുന്നുണ്ട്. ഊർജപ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. 41 രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം കരുതലുണ്ട്. സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. എന്നാൽ വാണിജ്യക്കപ്പലുകൾക്കുനേരെയുള്ള ആക്രമണവും ഹോർമുസിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ല'- പ്രധാനമന്ത്രി പറഞ്ഞു.