ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദം; യുദ്ധം അവസാനിപ്പിച്ചേക്കും? താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

Monday 23 March 2026 5:36 PM IST

വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസവുമായി അഞ്ച് ദിവസം നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്‌പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നീട്ടിവച്ചതായാണ് ട്രംപ് അറിയിച്ചത്. ഈ ആഴ്‌ച മുഴുവൻ ചർച്ച തുടരും. നിലവിലെ ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും ട്രംപ് കുറിച്ചിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന് പൂർണവും സമഗ്രവുമായ പരിഹാരം കാണുകയാണ് ചർച്ചകളുടെ ലക്ഷ്യമെന്നും ട്രംപ് വിവരിച്ചു. സമാധാനപരമായ നീക്കങ്ങൾക്ക് അവസരം നൽകാനാണ് ഈ താൽക്കാലിക വെടിനിർത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ആശ്വാസം നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.