നിർമ്മാണം മണിയൻപിള്ള രാജു, ഒന്നൊന്നര ഇടിപ്പടവുമായി ലാലും ക്രിഷാന്തും

Tuesday 24 March 2026 6:09 AM IST

മോഹൻലാൽ നായകനായി ക്രിഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് പൂർണമായും ആക്‌ഷൻ ഗണത്തിൽ. ഒരു മരണമാസ് ഇടിപ്പടമായിരിക്കും എന്നാണ് വിവരം. ഇതാദ്യമായാണ് ക്രിഷാന്ത് ആക്‌ഷൻ ചിത്രം ഒരുക്കുന്നത്. ആവാസവ്യൂഹം, പുരുഷപ്രേതം, മസ്തിഷ്കമരണം തുടങ്ങി ക്രിഷാന്ത്സംവിധാനം ചെയ്ത ഓരോ ചിത്രവും വേറിട്ട ഗണത്തിൽപ്പെടുന്നതാണ്. മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫൈനൽ ഡിസ്‌കഷൻ ഈ മാസം നടക്കും എന്നാണ് സൂചന. നിരഞ്ജ്‌ മണിയൻപിള്ള ആയിരിക്കും മറ്റൊരു പ്രധാന താരം. ആദ്യം ഫീൽഗുഡ് കോമഡി ഡ്രാമ ആണ് മോഹൻലാലിനു വേണ്ടി ക്രിഷാന്ത് ഒരുക്കിയിരുന്നത്. എന്നാൽ ഇതു പിന്നീട് ഉപേക്ഷിക്കുകയായിരുന്നുവത്രേ. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തു നിന്ന് തൊടുപുഴയിലേക്ക് ഷിഫ്ട് ചെയ്തു. തൊടുപുഴയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. അടുത്ത മാസം മുംബയിൽ ചിത്രീകരണമുണ്ട്. ഇതോടെ പാക്കപ്പ് ആകും. മീര ജാസ്‌മിൻ ആണ് നായിക. ലാലു അലക്സ്, മനോജ് കെ. ജയൻ, ഇർഷാദ്, ബിനു പപ്പു, ഭാമ അരുൺ തുടങ്ങി നീണ്ട താരനിരയുണ്ട്. രതീഷ് രവി രചന നിർവഹിക്കുന്നു. ഷാജികുമാർ ആണ് ഛായാഗ്രഹണം. സംഗീതം: ജേക്സ് ബിജോയ്, ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം.ഇതാദ്യമായാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ചിത്രത്തിൽ മോഹൻലാൽ ഭാഗമാകുന്നത്.